ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ (24) സോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിയോടെയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്താണ് മരണവിവരം പോലീസിനെ അറിയിച്ചത്. മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് പറഞ്ഞ പോലീസ് വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കയറുകയോ സംശയകരമായ മറ്റെന്തെങ്കിലോ കണ്ടെത്തിയിട്ടില്ലെന്നും വ്യക്തമാക്കി. മരണകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. ഒന്‍പതാം വയസ്സില്‍ കൊറിയന്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ താരം 2009-ല്‍ പുറത്തിറങ്ങിയ എ ബ്രാന്‍ഡ് ന്യൂ ലൈഫ് എന്ന ചിത്രത്തിലൂടെ ബാലതാരമെന്ന നിലയില്‍ ശ്രദ്ധനേടി. ദി മാന്‍ ഫ്രം നോവേര്‍, എ ഗേള്‍ അറ്റ് മൈ ഡോര്‍ എന്നിവയാണ് ശ്രദ്ധേയ സിനിമകള്‍. വിവിധ ടെലിവിഷന്‍ പരമ്പരകളിലും താരം പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ബ്ലഡ്ഹൂണ്ട്‌സ് ആണ് അവസാന സീരീസ്. 2022 മേയില്‍ മദ്യലഹരിയില്‍ കാറോടിച്ച് അതിക്രമം കാണിച്ച കേസിനെത്തുടര്‍ന്ന് താരം പൊതുവേദികളില്‍നിന്ന് വിട്ടുനിന്നിരുന്നു. കാറ് ഇലക്ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചുകയറി പ്രദേശത്ത് വൈദ്യുതി ഇല്ലാതായി. സംഭവത്തെത്തുടര്‍ന്ന് താരത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട താരം പിന്നീട് സംഭവത്തില്‍ മാപ്പു പറഞ്ഞു. നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി അവര്‍ കഫേയില്‍ ജോലി ചെയ്തിരുന്നതായി വാര്‍ത്ത വന്നിരുന്നു. 2024 ഏപ്രിലില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിവാദങ്ങളും ആരോഗ്യകാരണങ്ങളേയും തുടര്‍ന്ന് പിന്മാറി.