മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന നടത്തിയ ആക്രമണത്തിൽ 3 പേർ മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സോഷ്യൻ ഫോറസ്ട്രി കോഴിക്കോട് ഡിവിഷൻ പേരാമ്പ്ര കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവും കേസെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രഭാരവാഹികൾ, ആനപ്പാപ്പാൻ ഉൾപ്പെടെ ആറു പേരെ പ്രതി ചേർത്താണ് റിപ്പോർട്ട് നൽകിയത്. പടക്കം പൊട്ടിച്ചു, ആനയുടെ ഇടചങ്ങലവേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ല തുടങ്ങിയ വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആന ഇടഞ്ഞ മണക്കുളങ്ങര ഭഗവതി ക്ഷേത്രം വനം മന്ത്രി മന്ത്രി എകെ ശശീന്ദ്രൻ ഇന്നലെ സന്ദർശിച്ചിരുന്നു. ദാരുണമായ ദുരന്തത്തിനാണ് പ്രദേശം സാക്ഷ്യം വഹിച്ചതെന്നും ദുരന്തത്തിന്‍റെ ആഘാതം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. നാട്ടാന പരിപാലന ചട്ടം പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചു. ജാഗ്രത ഉണ്ടായില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്രം ഭാരവാഹികൾ മനഃപൂർവം ഉണ്ടാക്കിയ അപകടമല്ല, എന്നാൽ സർക്കാരിന് നിയമനടപടികളുമായി മുന്നോട്ട് പോവണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ധനസഹായം ക്ഷേത്രം നൽകുന്ന രീതിയാണ് ഉള്ളത്. ഇൻഷുറൻസ് ഉൾപ്പടെയുള്ളവ ലഭ്യമാക്കും. മുഖ്യമന്ത്രിയുമായി സംസാരിച്ച് കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതിനിടെ കോഴിക്കോട് ജില്ലയില്‍ ഫെബ്രുവരി 21 വരെ ഒരാഴ്ചക്കാലം എല്ലാ ആന എഴുന്നള്ളിപ്പുകളും ഒഴിവാക്കാന്‍ തീരുമാനിച്ചു. കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം ആന ഇടഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എഡിഎം സി മുഹമ്മദ് റഫീക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് നല്‍കുന്ന അനുമതി ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കാതെ അശ്രദ്ധമായി എഴുന്നള്ളിപ്പ് നടത്തിയ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനും യോഗം തീരുമാനിച്ചു.