കൊച്ചി: സത്യവിരോധമായ കാര്യങ്ങൾ ജനങ്ങൾക്ക് മുമ്പിൽ വച്ചുകൊണ്ട് അമ്മ സംഘടനയെ കുറ്റപ്പെടുത്തുകയാണ് നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ചെയ്യുന്നതെന്ന് അമ്മ അഡ്‌ഹോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ജയൻ ചേർത്തല. ഓഫീസ് നിർമ്മിക്കുന്നതിന് ഒരു കോടി രൂപ നിർമ്മാതാക്കൾ ആവശ്യപ്പെട്ടപ്പോൾ കൊടുത്ത സംഘടനയാണ് അമ്മ. ഇപ്പോഴും 40 ലക്ഷം തിരിച്ചു തരാനുണ്ടെന്ന് ജയൻ ചേർത്തല വെളിപ്പെടുത്തി.’പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കടം തീർക്കാൻ ലാലേട്ടനും മമ്മൂക്കയും അടക്കമുള്ളവർ ഫ്രീയായി വന്ന് ഷോ ചെയ‌്തു തരണമെന്ന് ആവശ്യപ്പെട്ടു. ഖത്തറിൽ പ്ളാൻ ചെയ‌്ത പരിപാടിക്ക് അമേരിക്കയിൽ നിന്ന് സ്വന്തം കാശ് മുടക്കി ടിക്കറ്റെടുത്താണ് ലാലേട്ടൻ വന്നത്. എന്നിട്ട് അവർക്ക് അത് നടത്താൻ കഴിഞ്ഞില്ല. ആ ഷോ പരാജയപ്പെട്ടു”.- ജയൻ പറഞ്ഞു.”ഒരു സിനിമയുടെ അത്യന്താപേക്ഷിതമായ ഘടകമാണ് അതിനകത്തെ താരം എന്നുപറയുന്നത്. മലയാള സിനിമയിൽ മാത്രമല്ല, ലോക സിനിമയിൽ തന്നെ എങ്ങനെയാണ് സൂപ്പർ സ്‌റ്റാറുകൾ ഉണ്ടായിട്ടുള്ളത്? അവരുടെ താരമൂല്യം ജനങ്ങൾക്ക് അംഗീകരിക്കാൻ പറ്റിയിട്ടുള്ളതു കൊണ്ടാണ്. മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ പുതിയ താരങ്ങളുടെയോ തല വച്ച് പോസ്‌റ്ററുകൾ ഇറക്കുമ്പോൾ അവരുടെ സിനിമകൾക്ക് ഫസ്‌റ്റ് ഡേ തൊട്ട് ജനം കയറും. അതുകൊണ്ടാണ് അവർക്ക് ചോദിക്കുന്ന തുക കൊടുക്കാൻ നിർമ്മാതാക്കൾ തയ്യാറാകുന്നത്.ആറാംതമ്പുരാൻ പോലുള്ള സിനിമകൾ എടുത്തിട്ടുള്ള ആളാണ് സുരേഷ് കുമാർ സാർ. ലാലേട്ടന്റെ കച്ചവടത്തെ ഏറ്റവും നന്നായിട്ട് ഉപയോഗിച്ചിട്ടുള്ള പ്രൊഡ്യൂസറല്ലേ പുള്ളി. എത്ര സൂപ്പർ ഹിറ്റ് പടങ്ങളാണ് ലാലേട്ടനെ വച്ച് എടുത്തിട്ടുള്ളത്. അന്നൊന്നും ഈ പ്രശ്നങ്ങൾ ഒന്നുമില്ല. അന്നൊന്നും പരാതി ഇല്ലാത്തതിന് കാരണം ലാഭമുണ്ടാക്കിയതുകൊണ്ടാണ്. ഇന്ന് അവരൊന്നും പ്രൊഡ്യൂസ് ചെയ്യുന്നില്ല. പുതുതലമുറയിലെ ആൾക്കാരാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. പലതും ഹിറ്റുമാണ്. താരങ്ങളെ വച്ച് എല്ലാ ഗുണങ്ങളും അനുഭവിച്ചവരാണ് ഇപ്പോൾ കുറ്റപ്പെടുത്തലുമായി എത്തുന്നതെന്നും ജയൻ ചേർത്തല ആരോപിച്ചു.