വാഷിങ്ടൺ: വ്യാപാര കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ അമേരിക്കയിൽനിന്ന് കൂടുതൽ എണ്ണ, വാതകം, എഫ് -35 യുദ്ധവിമാനമടക്കമുള്ള സൈനിക സാമഗ്രികൾ എന്നിവ വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. അതേസമയം, പരസ്പര താരിഫുകളിൽനിന്ന് ഇന്ത്യയെ ഒഴിവാക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വൈറ്റ് ഹൗസിലെ ട്രംപിന്‍റെ ഓവൽ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇതിനു ശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുരാജ്യവും ഉടൻ തന്നെ പ്രധാന വ്യാപാര കരാറിൽ ഏർപ്പെടുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയ ഇറക്കുമതി തീരുവകൾ അന്യായവും ശക്തവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യ എന്ത് ഈടാക്കിയാലും ഞങ്ങൾ അവരിൽനിന്ന് തിരിച്ച് ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യയ്ക്ക് എണ്ണയും വാതകവും നൽകുന്ന ഒന്നാം നമ്പർ വിതരണക്കാരായി അമേരിക്കയെ മാറ്റാൻ സാധ്യതയുള്ള ഒരു കരാറിൽ താനും പ്രധാനമന്ത്രി മോദിയും എത്തിയതായി ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര കമ്മി ഏകദേശം 45 ബില്യൺ യുഎസ് ഡോളറായി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമാണിത്. പ്രസിഡന്റ് ട്രംപിൽനിന്ന് താൻ വളരെയധികം അഭിനന്ദിക്കുന്നതും പഠിക്കുന്നതുമായ ഒരു കാര്യം, അദ്ദേഹം യുഎസ് ദേശീയ താൽപ്പര്യത്തിന് പരമപ്രധാന്യം നൽകുന്നു എന്നതാണ്. അദ്ദേഹത്തെപ്പോലെ, ഇന്ത്യയുടെ ദേശീയ താൽപ്പര്യമാണ് മറ്റെല്ലാറ്റിനും മുകളിൽ താൻ സൂക്ഷിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ഗൗതം അദാനിയുടെ ബിസിനസ് വിഷയം ചർച്ചയിൽ ഉൾപ്പെടുത്തിയോ എന്ന ചോദ്യത്തിന് രണ്ട് രാജ്യങ്ങളിലെ രണ്ട് പ്രമുഖ നേതാക്കൾ ഒരിക്കലും ഇത്തരം വ്യക്തിഗത വിഷയങ്ങൾ ചർച്ച ചെയ്യാറില്ല എന്നായിരുന്നു മോദിയുടെ മറുപടി.