മലപ്പുറം : മലപ്പുറം ആമയൂരിൽ സുഹൃത്തായ പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച 19 കാരൻ തൂങ്ങിമരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി സജീർ ആണ് തൂങ്ങിമരിച്ചത്. ചാലിയാർ പുഴയിൽ എടവണ്ണ പുകമണ്ണിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പുറത്ത് കടക്കുകയായിരുന്നു. പിന്നീട് ചാലിയാർ പുഴയിൽ എത്തിയ യുവാവ് പുകമണ്ണ് കടവിൽ തൂങ്ങിമരിക്കുകയായിരുന്നു. നേരത്തെ ജീവനൊടുക്കിയ പതിനെട്ടുകാരിയും സജീറും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു.ഫെബ്രുവരി മൂന്നിനാണ് ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്നായിരുന്നു പെൺകുട്ടി വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് പെൺകുട്ടിയ്ക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.ആൺസുഹൃത്തായ സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹം. പെൺകുട്ടി മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ സജീറും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട സജീർ മഞ്ചേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നും ഇന്നലെയാണ് ആരുമറിയാതെ പുറത്തിറങ്ങിയാണ് ജീവനൊടുക്കിയത്.