വാഷിങ്ടൺ : ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്ത് അധികാരത്തിലാണ് യുഎസ് ഇതു ചെയ്യാൻ പോകുന്നതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. ബാക്കിയുള്ള സ്ഥലങ്ങളും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയൽ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക ഗാസ സ്വന്തമാക്കും. മനോഹരമായി പുനർനിർമിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസ മുനമ്പിന്റെ ഭാഗങ്ങൾ മനോഹരമായി പുനർനിർമിക്കാൻ മധ്യപൂർവദേശത്തെ മറ്റു സമ്പന്ന രാജ്യങ്ങളെ യുഎസ് അനുവദിക്കും. എന്നാൽ ഹമാസിന്റെ മടങ്ങിവരവ് അനുവദിക്കില്ല. ന്യൂഓർലിയൻസിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്സ് വണിൽ മാധ്യമപ്രവർത്തകരോട് പ്രസിഡന്റ് പറഞ്ഞു. ഗാസയിലെ 20 ലക്ഷത്തിലേറെ വരുന്ന പലസ്തീൻകാർ ഒഴിയണമെന്ന വാദവും ട്രംപ് ആവർത്തിച്ചു.