ചാരുംമൂട്: ആലപ്പുഴയിൽ പേവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനൊന്നുവയസുകാരന്‍ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസില്‍ ശ്രാവിണ്‍ ഡി കൃഷ്ണ ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ ആണ് മരണം സംഭവിച്ചത്. രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിക്കുന്നത് . എന്നാൽ ഈ വിവരം കുട്ടി വീട്ടിൽ അറിയിച്ചിരുന്നില്ല. കാര്യമായ പരിക്ക് ഇല്ലാതിരുന്നതിനാൽ തെരുവ് നായ ആക്രമിച്ച കാര്യം വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. പിന്നീട് പനി ബാധിച്ചതിനെത്തുടർന്ന് കുട്ടിയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണം കാണുന്നത്. തുടർന്ന് വിദഗ്‌ദ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തെരുവുനായ കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയും സൈക്കിളിന്റെ ടയറിൽ കടിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ കുട്ടി താഴെ വീണപ്പോൾ തുടയിൽ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലിൽ കൊണ്ടതായാണ് നിഗമനം. പ്രദേശവാസികളും പ്രദേശത്തെ മറ്റ് കുട്ടികളും ആരോഗ്യ വകുപ്പ് അധികൃതർ പ്രതിരോധ കുത്തിവെപ്പ് എടുത്തു.