പാലക്കാട്: പട്ടാമ്പിയിൽ 8.32 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി മുസ്തഫ (66) ആണ് അറസ്റ്റിലായത്. വാടക വീടിനുള്ളിൽ വിൽപ്പനയ്ക്കായി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്ന കഞ്ചാവാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്. പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എച്ച് വിനുവും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ എ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയപ്രകാശ് കെ, അനിൽകുമാർ ടി.പി, നന്ദു, അനൂപ് രാജ്.ആർ.എൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ആരതി സി എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. മറ്റൊരു സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് 35 ലിറ്റർ ചാരായവുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ സ്ഥലത്ത് ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 162 ലിറ്റർ ചാരായം കൂടി കണ്ടെടുത്തു. മണ്ണാർക്കാട് സ്വദേശിയായ ഗോപിനാഥന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നുമാണ് ചാരായം കണ്ടെടുത്തത്. ഇയാൾ ചാരായവുമായി പിടിയിലായതിന് നിലവിൽ റിമാന്റിൽ കഴിയുകയാണ്. തുടർന്നാണ് എക്സൈസുകാർ ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പരിശോധന നടത്തിയത്. മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബഷീർകുട്ടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ആശ്വന്ത്, രാജു എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.