കരുളായി: മലപ്പുറം ജില്ലയിലെ കരുളായിയിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പാപ്പിനിപൊയിലിലെ ആയിശ ബീഗത്തിനാണ് ഇന്നലെ രാവിലെ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമകാരിയായ പന്നിയെ കവിഞ്ഞ ദിവസം രാത്രിയോടെ തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേത്വത്തിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. രാവിലെ കുട്ടിക്കൊപ്പം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ആയിശ ബീഗത്തിനെ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിച്ചിട്ട് ഓടുകായിരുന്നു. പരിക്കേറ്റ ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണെന്നും വനംവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മലപ്പുറത്ത് കൊണ്ടോട്ടിയിലും വണ്ടൂരും കാട്ടുപന്നി ബൈക്കിലിടിച്ച് യുവാക്കൾക്ക് പരിക്കേറ്റു. വട്ടപ്പറമ്പ് ചോലക്കൽ മച്ചിങ്ങൽ സുബൈർ (36), വണ്ടൂർ ചെട്ടിയാറമ്മൽ പള്ളിപറമ്പൻ ഫൈസൽ എന്നിവർക്കാണ് കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച ഴം രാത്രി 8.30ഓടെയാണ് വട്ടപ്പറമ്പ് ചോലക്കൽ റോഡിൽ വെച്ചാണ് സുബൈറിനെ കാട്ടുപന്നി ആക്രമിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളി രാവിലെ ഒമ്പതിന് വണ്ടൂർ നിലമ്പൂർ റോഡിൽ മൂച്ചിക്കൽ ചോലയിലാണ് കെഎസ്ഇബി കരാർ ജീവനക്കാരനായ ഫൈസലിനെ കാട്ടുപന്നി ആക്രമിച്ചത്. ഫൈസൽ സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ഇടതുകൈക്ക് പരിക്കേറ്റ ഫൈസലിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കാട്ടുപന്നികൾ റോഡിന് കുറുകെ ചാടി ബൈക്കിൽ ഇടിക്കുകയായിരുന്നവെന്ന് ഫൈസൽ പറഞ്ഞു.