പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടുപേരെ തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കലിന് സമീപം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ, കുട്ടിയുടെ ബന്ധുവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂർ വേമൂട് ചരുവിള പുത്തൻവീട്ടിൽ രാജീവ്(39), മടവൂർ പുലിയൂർകോണം ചരുവിള വീട്ടിൽ രതീഷ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുവിനൊപ്പം മദ്യപാനത്തിനെത്തിയതായിരുന്നു സമീപവാസികൾ ആയ പ്രതികൾ. ഒന്നിച്ച് മദ്യപിച്ച ശേഷം ആരും കാണാതെ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭ്വാവികത തോന്നിയ രക്ഷിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജീവും രതീഷും പിടിയിലാകുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇരുവർക്കുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.