കോപ അമേരിക്ക അണ്ടർ 20 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെ തകർത്തെറിഞ്ഞ് അർജന്റീന. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ബ്രസീലിന്റെ മഞ്ഞപ്പടയെ മെസിയുടെ പിന്മുറക്കാർ നിലംപരിശാക്കിയത്. മാഞ്ചസ്റ്റർ സിറ്റി താരം ക്ലോഡിയോ എച്ചെവെരി നയിച്ച അർജന്റീന ടീം മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മുന്നിൽ നിന്ന മത്സരമായിരുന്നു ഇത്.
കളിയുടെ ആറാം മിനിറ്റിൽ തന്നെ അർജന്റീന ലീഡ് നേടി. വലതുവിങ്ങിലൂടെ കുതിച്ച് വാലന്റിനോ അക്യുന നൽകിയ പാസിൽ ഇയാൻ സുബിയാബ്രെ ഗോളാക്കി മാറ്റി. എട്ടാം മിനിറ്റിൽ അക്യൂന തന്നെ നൽകിയ മറ്റൊരു പാസിൽ ക്യാപ്റ്റൻ എച്ചെവെരി രണ്ടാം ഗോൾ നേടി. 12-ാം മിനിറ്റിൽ അർജന്റീന മൂന്നാം ഗോളും നേടി. ബ്രസീൽ ഡിഫൻഡർ ഇഗോർ സെറോറ്റെയുടെ സെൽഫ് ഗോളായിരുന്നു അത്.
മത്സരത്തിലേക്ക് തിരിച്ചുവരാൻ രണ്ടാം പകുതിയിൽ മൂന്നു മാറ്റങ്ങളുമായാണ് ബ്രസീൽ കളത്തിലെത്തിയെങ്കിലും ഫലം കണ്ടില്ല. 52-ാം മിനിറ്റിൽ അർജന്റീന നാലാംഗോളും നേടി. ഓസ്റ്റിൻ റോബർട്ടോയായിരുന്നു ഇക്കുറി സ്കോറർ. മൂന്നു മിനിറ്റിനുശേഷം എച്ചെവെരിയുടെ ബൂട്ടിൽനിന്ന് വീണ്ടുമൊരു ഗോൾ. 78-ാം മിനിറ്റിൽ അഗസ്റ്റിൻ ഒബ്രിഗോണിന്റെ ക്രോസിൽ സാൻഡിയാഗോ ഹിഡാൽഗോയുടെ ഹെഡർ വലയിലെത്തിയതോടെ അർജന്റീനയുടെ ഏകപക്ഷീയ ജയം പൂർണ്ണമായി.











