5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. തൃശൂര്‍ ചേലക്കര വെങ്ങാനല്ലൂർ വില്ലേജ് ഓഫീസർ പികെ ശശിധരൻ ആണ് വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്. ഭൂമിയുടെ ഫെയർ വാല്യൂ തിരുത്തുന്നതുമായി ബന്ധപ്പെട്ട് നൽകിയ അപേക്ഷയില്‍ റിപ്പോർട്ട് നൽകാൻ 10000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. അതില്‍ 5000 രൂപ നല്‍കുന്നതിനിടെയാണ് വില്ലേജ് ഓഫീസര്‍ ശശിധരനെ വിജിലൻസ് സംഘം പിടികൂടിയത്.
പരാതിക്കാരൻ തന്റെ സ്ഥലത്തിന്റെ ഫെയർ വാല്യൂ തിരുത്തുന്നതിനായി ആർഡിഒ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് സ്ഥല പരിശോധനക്കായി വെങ്ങാനല്ലൂർ വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ, വില്ലേജ് ഓഫീസർ ശശിധരൻ റിപ്പോർട്ട് നൽകുന്നതിന് പകരമായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ആദ്യ ഗഡുവായി 5,000 രൂപ നൽകണമെന്നും പറഞ്ഞു.
ഇതോടെ പരാതിക്കാരൻ തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദ്ദേശാനുസരണം ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ കൈമാറുന്നതിനിടെയാണ് വിജിലൻസ് വില്ലേജ് ഓഫീസറെ പിടികൂടിയത്. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പി ജിം പോളിനെ കൂടാതെ ഇൻസ്പെക്ടർ ദിനേശ് കുമാർ, എസ്ഐമാരായ ബൈജു, കമൽ ദാസ്, ജയകുമാർ, രാജൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, സൈജു സോമൻ,വിബീഷ്, ഗണേഷ്, സുധീഷ്, രഞ്ജിത്ത്, സിബിൻ, ശ്രീകുമാർ ഡ്രൈവർ എബി തോമസ് , രാജീവ് എന്നിവരും ഉണ്ടായിരുന്നു.







