കൂറ്റനാട്: ഇടതുപക്ഷ ജനാധിപത്യമുന്നണി (എൽ ഡി എഫ്) സംഘടിപ്പിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് നാളെ (ശനി) ഉച്ചയ്ക്ക് മൂന്നുമണിക്ക് പാലക്കാട് ജില്ലയിലെ ആദ്യ സ്വീകരണം കൂറ്റനാട്ട് നൽകും. എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൂറ്റനാട്–ഗുരുവായൂർ റോഡിലെ ന്യൂ ബസാറിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണ ചടങ്ങ് നടക്കുക. സംസ്ഥാന സർക്കാരിന്റെ വികസന മുന്നേറ്റങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും, ജാഥ എത്തുന്നതിന് മുൻപായി നാടൻപാട്ട് ഉൾപ്പെടെയുള്ള സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
ജില്ലാ അതിർത്തിയായ നീലിയാട് മുതൽ തൃത്താല മണ്ഡലത്തിലേക്ക് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയും പഞ്ചവാദ്യവും പൂക്കാവടിയും അണിനിരത്തി ജാഥയെ വേദിയിലേക്ക് ആനയിക്കും. ജാഥ ക്യാപ്റ്റൻ എം വി ഗോവിന്ദൻ, മാനേജർ പി. സന്തോഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ എൽ ഡി എഫ് മണ്ഡലം കൺവീനർ പി എൻ മോഹനൻ, സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം വി കെ ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ടി ഹംസ (സി പി ഐ ജില്ലാ എക്സിക്യൂട്ടീവ്), എ കെ ദേവദാസ് (ഐ എസ് ജെ ഡി), സി കെ വിജയൻ (കേരള കോൺഗ്രസ് എം), ശ്രീജി കടവത്ത് (എൻ സി പി) എന്നിവർ പങ്കെടുത്തു.








