അബുദാബി: വിദേശങ്ങളിലേയ്ക്ക് പറക്കുന്നവർക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. എയർ ഇന്ത്യ വിമാനങ്ങളിൽ കൊണ്ടുപോകുന്ന സൗജന്യ ചെക്ക് ഇൻ ബാഗേജിന്റെ അനുവദനീയമായ ഭാരം 30 കിലോയായി ഉയർത്തി. ഏഴുകിലോവരെ ക്യാബിൻ ബാഗേജും അനുവദിക്കും.ക്യാബിൻ ബാഗേജ് രണ്ടെണ്ണംവരെയാണ് അനുവദിക്കുക. ഇവ രണ്ടും കൂടിയുള്ള ഭാരം ഏഴുകിലോവരെയാകാം. ലാപ്‌ടോപ്പ് ബാഗ്, ബാക്ക്‌പാക്ക് തുടങ്ങിയ ചെറിയ ബാഗുകളും യാത്രക്കാർക്ക് കൈയിൽ കരുതാം. ഇവ മുന്നിലുള്ള സീറ്റിനിടയിൽ ഉൾക്കൊള്ളുന്നതാവണമെന്നുമാത്രം.ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് 10 കിലോവരെയുള്ള അധിക ചെക്ക് ഇൻ ബാഗേജും അനുവദിക്കും. മൊത്തത്തിൽ ക്യാബിൻ ബാഗേജ് ഉൾപ്പെടെ 47 കിലോയാണ് ബാഗേജിന്റെ അനുവദനീയ ഭാരം.ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് എക്‌സ്‌പ്രസ് ലൈറ്റ് എന്ന സേവനം തിരഞ്ഞെടുത്ത് സാധാരണ നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ഇങ്ങനെ യാത്ര ചെയ്യുന്നവർക്ക് മൂന്ന് കിലോ ക്യാബിൻ ബാഗേജ് അനുവദിക്കും. ബിസിനസ് ക്ളാസായ എക്‌സ്‌പ്രസ് ബിസിൽ യാത്ര ചെയ്യുന്നവർക്ക് അന്താരാഷ്ട്ര ഫ്ളൈറ്റുകളിൽ 40 കിലോവരെ ബാഗേജ് അനുവദിക്കും.ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ ഉൾപ്പെടെ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലാണ് യുഎഇ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴിയാണ് യുഎഇ- ഇന്ത്യ. മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളാണ് യുഎഇയിൽ ജോലി ചെയ്യുന്നത്. ഇവരുടെ നാട്ടിലേയ്ക്കുള്ള യാത്രയും തിരികെപ്പോക്കുമെല്ലാം ഇന്ത്യ-യുഎഇ വ്യോമയാന രംഗത്ത് വലിയ വരുമാനമാണ് നൽകുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് 450 പ്രതിവാര ഫ്ളൈറ്റ് സർവീസാണ് ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനും ഇടയിലായി നടത്തുന്നത്. 19 ഇന്ത്യൻ നഗരങ്ങളെ മിഡിൽ ഈസ്റ്റിലെ 13 മേഖലകളുമായി ബന്ധിപ്പിക്കുന്നു.