ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി, യുഎഇയിലെ ബാങ്കുകൾ ഇന്ന് (ജൂലൈ 25) മുതൽ എസ്എംഎസ്, ഇമെയിൽ വഴിയുള്ള ഒറ്റത്തവണ പാസ് വേഡുകൾ (ഒടിപി) ഘട്ടംഘട്ടമായി നിർത്തലാക്കും. എല്ലാ ബാങ്കുകളും അവരുടെ ആപ്ലിക്കേഷനുകൾ വഴി ഒടിപി സംവിധാനം നടപ്പിലാക്കണമെന്നാണ് സെൻട്രൽ ബാങ്കിൻ്റെ നിർദേശം.
ഘട്ടം ഘട്ടമായാണ് ഒടിപി നിർത്തലാക്കുക. 2026 മാർച്ചോടെ ഇത് പൂർണ്ണമായും നടപ്പിലാക്കാനാണ് നിലവിലെ തീരുമാനം. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ബാങ്കിങ് കൂടുതൽ സുരക്ഷിതമാക്കാനും, പണം തട്ടിപ്പുകൾ ഒഴിവാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ സെൻട്രൽ ബാങ്കിൻ്റെ പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, ആഭ്യന്തര, അന്തർദേശീയ സാമ്പത്തിക ഇടപാടുകൾക്ക് ഉപഭോക്താക്കളെ ബാങ്ക് മൊബൈൽ ആപ്പ് അധിഷ്ഠിത രീതിയിലേക്ക് മാറ്റാൻ ബാങ്കുകളോട് നിർദേശിച്ചിരുന്നു.
നിലവിലെ രീതിയിലുള്ള എസ്എംഎസ്, ഇമെയിൽ ഒടിപികൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യുന്നു. സ്വിം സ്വാപ്പിങ്, ഫിഷിങ് തുടങ്ങിയ തട്ടിപ്പുകൾ ഇതിലൂടെ നടക്കുന്നുണ്ട്. ഇത് തടയാൻ പുതിയ ആപ്പ് അധിഷ്ഠിത സുരക്ഷാ സംവിധാനം സഹായിക്കുമെന്നാണ് യുഎഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കുന്നത്.
‘യുഎഇ സെൻട്രൽ ബാങ്കിൻ്റെ നിർദേശങ്ങൾ പ്രകാരം, എസ്എംഎസ്, ഇമെയിൽ വഴിയുള്ള ഒടിപി സംവിധാനം ഘട്ടംഘട്ടമായി ഒഴിവാക്കും. ഉപഭോക്താക്കൾക്ക് ബാങ്കിൻ്റെ മൊബൈൽ ആപ്പിലെ ‘Authentication via App’ സവിശേഷത ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാം,” ഒരു ബാങ്ക് വക്താവ് അറിയിച്ചു.
യുഎഇയുടെ സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്താനും, ഡിജിറ്റൽ ബാങ്കിങ്ങിൽ വിശ്വാസം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും. പരമ്പരാഗത ഒടിപി സംവിധാനവുമായി പരിചയമുള്ള ഉപഭോക്താക്കൾക്ക് ഈ മാറ്റവുമായി പൊരുത്തപ്പെടാൻ കുറച്ച് സമയം വേണ്ടിവന്നേക്കാം. എന്നാൽ, ബാങ്കുകൾ ഉപഭോക്താക്കളോട് അവരുടെ മൊബൈൽ ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യാനും പുതിയ ഇൻ-ആപ്പ് സംവിധാനം ഉപയോഗിക്കാൻ തുടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്എംഎസിലൂടെയും ഇമെയിലിലൂടെയും നിലവിലുള്ള ഒടിപികൾ കുറഞ്ഞ കാലത്തേക്ക് ചില ഉപഭോക്താക്കൾക്ക് ലഭ്യമാകും. എന്നാൽ അടുത്ത 8 മാസത്തിനുള്ളിൽ ഇത് പൂർണ്ണമായും നിർത്തലാക്കും. കൂടുതൽ സുരക്ഷിതമായ ആപ്പ് വഴിയുള്ള ഒടിപി സംവിധാനം നിലവിൽ വരും.