ചങ്ങരംകുളത്തെ വ്യാപാരികള്‍ പ്രക്ഷോപത്തിലേക്ക്’23ന് കടകള്‍ അടച്ചിടും’പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച്
ചങ്ങരംകുളം:വ്യാപാരികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് 23-ന് ചങ്ങരംകുളം ടൗണിലെ വ്യാപാരികൾ കടകള്‍ അടച്ചിട്ട് ആലംങ്കോട് ഗ്രാമ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ചങ്ങരംകുളം യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചങ്ങരംകുളം ടൗണിലെ ദുരവസ്ഥക്ക് പരിഹാരംകാണുക,ആലംങ്കോട്-നന്നംമുക്ക് പ്രദേശങ്ങളിലെ അനധികൃത കച്ചവടങ്ങള്‍ നിയന്ത്രിക്കുക,പാതയോരത്തെ മത്സ്യകച്ചവടം അടക്കമുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ പ്രക്ഷോപത്തിലേക്ക് നീങ്ങുന്നത്.നിയമത്തിന്റെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് വ്യാപാരം നടത്തുന്ന ചെറുകിട കച്ചവടക്കാരെ നിസാര പ്രശ്നങ്ങളുടെ പേരില്‍ ഉദ്ധ്യോഗസ്ഥര്‍ ദ്രോഹിക്കുകയും ആത്മഹത്യയിലേക്ക് തള്ളി വിടുകയാണെന്നും ഒരു തരത്തിലുള്ള മാനദണ്ഡങ്ങളുമില്ലാതെ തെരുവോരങ്ങള്‍ കീഴടക്കി അനധികൃതമായി കച്ചവടം ചെയ്യുന്നവര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് പഞ്ചായത്തും ഉദ്ധ്യോഗസ്ഥരും സ്വീകരിക്കുന്നതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.ജലജീവന്‍ പദ്ധതിക്കായി തകര്‍ത്ത റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുകയുംപ്ലാസ്റ്റിക് പരിശോധന അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള വ്യാപാരികളുടെ ആവശ്യങ്ങൾ പരിഹരിക്കുകയും വേണം.സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കുന്ന സമീപനങ്ങളില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്നും ഒരുവര്‍ഷം കൊണ്ട് 150 ഓളം കടകള്‍ ചങ്ങരംകുളം മേഖലയില്‍ മാത്രം അടച്ച് പൂട്ടിയെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.ചങ്ങരംകുളം സൺറൈസ് ഹോസ്‌പിറ്റൽ പരിസരത്ത് നിന്ന് കാലത്ത് 9:30ന് ആരംഭിക്കുന്ന മാർച്ചിന്, വ്യാപാരികൾ,കടകളിലെ തൊഴിലാളികൾ തുടങ്ങിയവർ പങ്കാളികളാകും.കേരള വ്യാപാരി വ്യവസായി യൂത്ത് വിംഗിന്റെ സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്യും.അന്നേ ദിവസം സംഘടനക്ക് കീഴിലെ ഹോട്ടൽ, കോഴിക്കട ഒഴികെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും 12 മണി വരെ അടച്ചിടുമെന്നും നേതാക്കള്‍ പറഞ്ഞു.വ്യാപാരി നേതാക്കളായ പിപി ഖാലിദ്,ഒ മൊയ്ണ്ണി,ഉമ്മര്‍ കുളങ്ങര,ഉസ്മാന്‍ പന്താവൂര്‍,വികെഎം നൗഷാദ്,കെവി ഇബ്രാഹിം,സലീം കാഞ്ഞിയൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു