അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹം നേടി മുൻ പ്രവാസിയായ ഇന്ത്യക്കാരൻ. കർണാടക സ്വദേശി സുന്ദർ മരകലയാണ് സമ്മാനം സ്വന്തമാക്കിയത്. ഇന്നലെ നടന്ന നറുക്കെടുപ്പിലായിരുന്നു സുന്ദർ മരകലെയെ വിജയിയായി തിരഞ്ഞെടുത്തത്.ദുബായിൽ 25 വർഷം പ്രവാസിയായിരുന്ന സുന്ദർ ഇപ്പോൾ നാട്ടിലാണ് താമസം. 60 വയസാണ്.2021വരെ അദ്ദേഹം ദുബായിലായിരുന്നു. എല്ലാ മാസവും മുടങ്ങാതെ ടിക്കറ്റെടുക്കുന്ന ആളായിരുന്നു സുന്ദർ. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോഴാണ് 10 ലക്ഷം ദിർഹത്തിന്റെ ഭാഗ്യം സുന്ദറിനെ തേടിയെത്തിയത്. ദുബായിൽ ആയിരുന്ന കാലത്താണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അദ്ദേഹം അറിയുന്നത്. ആദ്യം ഓഫീസിലുള്ള സുഹൃത്തുക്കളുമായിട്ടായിരുന്നു ടിക്കറ്റെടുത്തിരുന്നത്. പിന്നീട് തനിച്ച് ടിക്കറ്റ് എടുക്കാന്‍ തുടങ്ങി.ടിക്കറ്റ് വാങ്ങാൻ തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ വിജയമാണിതെന്നാണ് അദ്ദേഹം പറയുന്നത്. വിവരം ആദ്യം ഫോണിലൂടെയാണ് വിളിച്ചുപറയുന്നത്. അതൊരു പ്രാങ്ക് കോൾ ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ പെട്ടന്ന് കേട്ടപ്പോൾ വലിയ സന്തോഷവും തോന്നി. പ്രാങ്കല്ലെന്ന് ഉറപ്പിക്കാനായി നമ്പർ ചെക്ക് ചെയ്തിരുന്നു. യുഎഇയിൽ നിന്നുള്ള നമ്പറാണെന്ന് മനസിലായതോടെയാണ് ആശ്വസമായതും സത്യമാണെന്ന് വിശ്വസിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.ലഭിക്കുന്ന സമ്മാനത്തുകയിൽ നിന്ന് ഒരു പങ്ക് സഹോദരിയ്ക്കും കുടുംബത്തിനും നൽകാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബാക്കി തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.