ചാലിശ്ശേരി: ചാലിശ്ശേരി മുലയംപറമ്പത്ത്കാവ് ക്ഷേത്ര മൈതാനത്ത് നടന്ന വേൾഡ് ഫെഡറേഷൻ ഓഫ് ഷോട്ടോക്കാൻ കരാട്ടെയുടെ ലോക റെക്കോർഡ് പെർഫോമൻസിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി മൂന്നര വയസ്സുകാരി സമൃദ്ധി എൽ.അനു.പുനലൂർ കോട്ടവട്ടം അങ്കണവാടി വിദ്യാർത്ഥിയാണ് സമൃദ്ധി എന്ന മിടുക്കി.കരാട്ടെയിൽ കാറ്റഗറി നാലിൽ ബ്ലൂ ബെൽറ്റ് നേടിയാണ് ലോക വേൾഡ് ഫെർഫോമൻസിൽ 6012 പേർ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായത്.പുനലൂർ രണ്ടേക്കർ വീട്ടിൽ ജലജ – സജീവ് ദമ്പതിമാരുടെ രണ്ട് മക്കളായ ലാവണ്യ (27), അനുജൻ ലിബിൻ (25) എന്നിവർ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയവരാണ്. കളരി അഭ്യസിച്ച അമ്മയുടെ അമ്മ ജലജയാണ് കുടുംബത്തിന് കരാട്ടെയിൽ മികവ് പുലർത്തുന്നതിന്ന് പ്രചോദനം നൽകിയത്.21 വർഷമായി കരാട്ടെയിൽ സജീവമായി കൊല്ലം ജില്ലയിലെ ചീഫ് മാസ്റ്ററായി പ്രവർത്തിക്കുന്ന മാമൻ കൂടിയായ ലിബിനാണ് സമൃദ്ധിയുടെ പരിശീലകൻ.വീട്ടിൽ കളിക്കുമ്പോൾ തന്നെ മാമൻ നിർദേശിച്ച ചില ചലനങ്ങൾ കുഞ്ഞുനാളിൽ അടിസ്ഥാന ചലനങ്ങളോട് സാമ്യമുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഒന്നേമുക്കാൽ വയസ്സിൽ കരാട്ടെ പരിശീലനം ആരംഭിച്ചത്. ഒന്നര വർഷത്തിനകം വിദ്യാർത്ഥി അമ്പരപ്പിക്കുന്ന ബ്ലൂ പദവി കരസ്ഥമാക്കി. മാവേലിക്കര പ്ലാവിലയിൽ അനു- ലാവണ്യ ദമ്പതിമാരുടെ രണ്ട് മക്കളിൽ മൂത്ത മകളാണ് സമൃദ്ധി. കരാട്ടെയിൽ ഗ്രീൻ ബെൽറ്റ് നേടിയ പിതാവ് യു.എ.ഇ യിലാണ്. 14 വർഷമായി കരാട്ടെ അഭ്യസിപ്പിക്കുന്ന മാതാവ് ലാവണ്യ പുനലൂർ സെൻ്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കരാട്ടെ അദ്ധ്യാപികയാണ്.ഇത്രയും ചെറുപ്രായത്തിലുള്ള കുഞ്ഞു മിടുക്കിയുടെ പ്രകടനം മൈതാനത്ത് തിങ്ങികൂടിയ ആയിരങ്ങൾക്ക് അപൂർവ്വ കാഴ്ചയായി.