ആശുപത്രികളിൽ സി.സി.ടി.വി ഉൾപ്പെടെ സുരക്ഷാനടപടികൾ സജ്ജമാക്കണമെന്ന ആരോഗ്യവകുപ്പ് നിർദേശം മൂന്നുവർഷം കഴിഞ്ഞിട്ടും പൂർണമായി നടപ്പായില്ല. സംസ്ഥാന ആരോഗ്യവകുപ്പ് 2021ൽ പുറത്തിറക്കിയ നിർദേശം നടപ്പായത് നാമമാത്ര ആശുപത്രികളിൽ മാത്രമാണ്. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സി.സി.ടി.വി സജ്ജമാക്കണമെന്ന് 2021 ആഗസ്റ്റ് 12ന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഉത്തരവിട്ടത്.ആദ്യഘട്ടത്തിൽ താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി, മാനസികാരോഗ്യകേന്ദ്രങ്ങൾ, ഒ.പി വിഭാഗം, അത്യാഹിത വിഭാഗം, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ സജ്ജീകരിക്കണമെന്നായിരുന്നു നിർദേശം. സുരക്ഷാജീവനക്കാരെ നിയമിക്കാൻ ആശുപത്രി വികസന സമിതികൾ നടപടിയെടുക്കണമെന്നും നിർദേശിച്ചിരുന്നു.എന്നാൽ, പലയിടങ്ങളിലും പാലിക്കാത്ത സാഹചര്യത്തിലാണ് ഡോ. കെ.വി. ബാബു 2024 നവംബർ 17ന് വിവരാവകാശ അപേക്ഷ നൽകിയത്. ഈ മാസം 11 വരെ 42 ആശുപത്രി-ആരോഗ്യസ്ഥാപനങ്ങളാണ് മറുപടി നൽകിയത്. ഇതിൽ 30 സ്ഥാപനങ്ങളും നിർദേശം പാലിച്ചിട്ടില്ലെന്ന് അറിയിച്ചു.