ദ്രാവിഡ ജനതയുടെ വിളവെടുപ്പുത്സവമായ പൊങ്കൽ സമൃദ്ധിയുടെയും നൻമയുടേയും ആഘോഷം കൂടിയാണ്. “പൊങ്കൽ” എന്ന പേര് തമിഴ് പദമായ പോങ്ങിൽ നിന്നാണ് വന്നത്, “തിളയ്ക്കുക” എന്നാണ് ഇതിനർത്ഥം. ജനുവരി 13 ന് ആരംഭിച്ച് നാലു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ജനുവരി 16 ന് സമാപിക്കുന്നു. തമിഴ് കലണ്ടർ പ്രകാരം തൈമാസത്തിന്റെ തുടക്കത്തിലാണ് തമിഴ് ജനത പൊങ്കൽ ആഘോഷിക്കുന്നത്.
ബോഗി പൊങ്കൽ, തൈപ്പോങ്കൽ, മാട്ടുപ്പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെയാണ് ഓരോ ദിവസത്തെയും ആഘോഷങ്ങൾ.വിളവെടുപ്പിന് ആരംഭം കുറിക്കുന്ന ഈ ഉത്സവം തമിഴ് മാസമായ മാർഗഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി അവസാനിക്കുന്നു . മകരസംക്രാന്തി എന്നും ഇതിനെ അറിയപ്പെടുന്നു . മലയാളികളുടെ ഓണം പോലെയാണ് തമിഴകത്തിന് പൊങ്കൽ. തമിഴ്‌നാടിന് പുറമേ തെലങ്കാനയിലും, കർണാടകയിലും പൊങ്കൽ ആഘോഷിക്കാറുണ്ട്.
മാർഗഴിയുടെ അവസാന ദിവസമായ ഇന്നലെയായിരുന്നു ‘ബോഗിപ്പൊങ്കൽ’. ബോഗിപൊങ്കലോടുകൂടിയാണ് പൊങ്കൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പഴയ സാധനങ്ങളെല്ലാം അഗ്നിക്കിരയാക്കി പുതിയ കാലത്തെ വരവേൽക്കാനായൊരുങ്ങുന്ന ജനത കഴിഞ്ഞവർഷം ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് നന്ദി പറയുകയും, അടുത്ത വർഷത്തെ വിളവെടുപ്പ് നന്നാകാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.