വിമാനയാത്രയിൽ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഒപ്പം കൊണ്ടുപോകാവുന്ന ബാഗേജിന്റെ ഭാരം. ഇപ്പോഴിതാ യാത്രക്കാർക്ക് ബാഗേജിന്റെ ഭാരത്തിൽ ഗുണകരമായ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബഡ്ജറ്റ് എയർലൈനായ എയർ അറേബ്യ. യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിന്റെ ഭാരമാണ് എയർ അറേബ്യ വർദ്ധിപ്പിച്ചത്. യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിന്റെ ഭാരം ഏഴ് കിലോയിൽ നിന്ന് 10 കിലോയാക്കി ഉയർത്തിയിരിക്കുകയാണ് എയർ അറേബ്യ. കൈവശം ആകെ കൊണ്ടുപോകാവുന്ന ഹാൻഡ് ബാഗേജിന്റെ ഭാരമാണ് 10 കിലോ. കാരി ഓൺ ബാഗുകൾ, വ്യക്തിഗത സാധനങ്ങൾ, ഡ്യൂട്ടി ഫ്രീ പർച്ചേസുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് എയർലൈന്റെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ഈ ഭാരപരിധിയിൽ പെടുന്ന രണ്ടുബാഗുകൾ യാത്രക്കാർക്ക് കൈവശംവയ്ക്കാം. ഹാന്‍ഡിലുകള്‍, പോക്കറ്റുകള്‍, ചക്രങ്ങള്‍ എന്നിവയടക്കം 55സെ.മി x 40സെ.മി x 20സെ.മി എന്നതാണ് കാരി-ഓൺ ബാഗിന്‍റെ പരമാവധി വലിപ്പം. വ്യക്തിഗത സാധനങ്ങളടങ്ങുന്ന രണ്ടാമത്തെ ബാഗിന്‍റെ വലിപ്പം 25സെ.മി x 33സെ.മി x 20സെ.മി ആകണം. യാത്രക്കാരുടെ സീറ്റിന് മുമ്പിൽ വെക്കാവുന്ന രീതിയിലുള്ള ബാഗ് ആകണം. അതേസമയം കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് 3 കിലോ അധികമായി കൊണ്ടുപോകാമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി
. യു.എ.ഇയിലെ മറ്റ് വിമാന കമ്പനികളായ എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഇത്തിഹാദ് എന്നിവയില്‍ ഹാന്‍ഡ് ബാഗേജ് പരിധി 7 കിലോയാണ്.