സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ൻ്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ജനുവരി 16ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.വിഷ്ണു വിജയ് ഈണമിട്ട നാല് ഗാനങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായ ‘പ്രേമലു’വിൻ്റെ ഗാനങ്ങൾ ഒരുക്കിയ വിഷ്ണുവിൻ്റെ ഈ വർഷത്തെ ആദ്യ സിനിമയാണിത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. ഒരു കള്ളുഷാപ്പിൽ നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നല്‍കിയിരുന്നത്.ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനെയും, തല പുകഞ്ഞ് ആലോചിക്കുന്ന പോലീസുകാരനായ ബേസിലിനെയും കാണിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വൈറലായിരുന്നു. സെക്കൻഡ് ലുക്ക് പോസ്റ്ററും പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചു. അൻവർ റഷീദ് എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച്, നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്.മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, തല്ലുമാല, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീതം ഒരുക്കുന്ന സിനിമ കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘ആവേശ’ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്.