റേഷൻകടകളിൽ സാധനങ്ങളെത്തിക്കുന്ന കരാറുകാർക്കുള്ള കുടിശ്ശിക 100 കോടി കവിഞ്ഞതോടെ സംസ്ഥാനത്തെ റേഷൻകടകൾ കാലിയായിത്തുടങ്ങി. ജനുവരി ഒന്നു മുതൽ കരാറുകാർ വിതരണം നിർത്തി. ചില താലൂക്കുകളിലെ റേഷൻകടകളിൽ സാധനങ്ങൾ മുഴുവൻ തീർന്ന അവസ്ഥ.
ഡിസംബറിൽ ബാക്കിവന്നതും ജനുവരി ആദ്യം വിതരണം തുടങ്ങാൻ മുൻകൂർ നൽകിയതുമായ സാധനങ്ങളുള്ള കടകളിൽ മാത്രമാണിപ്പോൾ വിതരണം നടക്കുന്നത്. പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ ജനുവരി പാതിയോടെ ഇതും തീരും.മലപ്പുറം, എറണാകുളം, തൃശ്ശൂർ, കോട്ടയം ജില്ലകളിലെ പലയിടങ്ങളിലും റേഷൻ സാധനം പൂർണമായി തീർന്ന റേഷൻകടകളുണ്ട്.
കൃത്യസമയത്ത് റേഷൻ സാധനങ്ങൾ എത്തിക്കാനും റേഷൻകടക്കാർക്കുള്ള കൂലി യഥാസമയം നൽകാനും സർക്കാർ തയ്യാറാകണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് സർക്കാരിൻ്റെ ഭാഗത്തുനിന്ന് നീക്കമൊന്നുമുണ്ടായിട്ടില്ലെന്ന് കേരള ട്രാൻസ്പോർട്ടിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻ.എഫ്.എസ്.എ.) സംസ്ഥാന ട്രഷറർ എം. ഗോപാലകൃഷ്ണൻ പ്രതികരിച്ചു.
സംസ്ഥാനത്ത് 14,300 റേഷൻകടകൾ വഴി 95 ലക്ഷം കുടുംബങ്ങൾക്കാണ് എല്ലാ മാസവും റേഷൻ വിതരണം ചെയ്യേണ്ടത്.