ലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു അദ്ദേഹത്തിന്. തൃശൂരിലെ അമല ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. 1965ല്‍’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ പി.ഭാസ്‌കരന്റെ രചനയില്‍ പിറന്ന ‘ഒരുമുല്ലപ്പൂമാലയുമായ് ‘ എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടിയാണ് ചലച്ചിത്ര ഗാന ലോകത്തേക്ക് പി.ജയചന്ദ്രന്റെ ചുവടുവെപ്പ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് , ഹിന്ദി ഭാഷകളിലായി 15,000ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചു.
സംവിധായകന്‍ എ.വിന്‍സെന്റ് , ദേവരാജന്‍- പി.ഭാസ്‌കരന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘കളിത്തോഴന്‍’ എന്ന ചിത്രത്തിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനം പാടാന്‍ അവസരമൊരുക്കി. ഇതോടെ മലയാളത്തിന്റെ ഭാവഗായകനായി ജയചന്ദ്രന്‍ മാറി. ഈ ചിത്രം 1967ലാണ് പുറത്തിറങ്ങിയത്.
ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ അവിടെ സംഗീതാദ്ധ്യാപകനായിരുന്ന കെ.വി.രാമനാഥനാണ് ആദ്യ ഗുരു. കഥകളി, മൃദംഗം, ചെണ്ടവായന, പൂരം, പാഠകം, ചാക്യാര്‍ക്കൂത്ത് എന്നിവയോടെല്ലാം താല്‍പ്പര്യമുണ്ടായിരുന്ന പി.ജയചന്ദ്രന്‍ സ്‌കൂള്‍തലത്തില്‍ തന്നെ ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടി. 1958ലെ യുവജനോത്സവത്തില്‍ ലളിത സംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം കരസ്ഥമാക്കി.
സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഹരിഹരന്റെ’നഖക്ഷതങ്ങള്‍’, ഒ.രാമദാസിന്റെ ‘ശ്രീ കൃഷ്ണപ്പരുന്ത്’ വി.കെ.പ്രകാശ് സംവിധാനം ചെയ്ത ‘ ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്നീ സിനിമകളിലും നിരവധി സംഗീത ആല്‍ബങ്ങളിലും അദ്ദേഹം അഭിനയിച്ചു.