ദിവ്യാ ഉണ്ണിയും കൂട്ടരും ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു നടത്തിയ നൃത്തപരിപാടിക്കിടെ വീണു പരിക്കേറ്റ ഉമാ തോമസ് എം.എൽ.എയെ സന്ദർശിക്കാൻ പോകാതിരുന്ന ദിവ്യ വിമർശിച്ച് നടി ഗായത്രി വർഷ . സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിലാണ് ഗായത്രിയുടെ വിമർശനം. പരിപാടിയിൽ അതിഥിയായി എത്തിയ ഉമാ തോമസ്, താൽക്കാലിക വേദിയിൽ നിന്നും അടിതെറ്റി താഴേക്ക് പതിച്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ പ്രവേശിക്കുകയായിരുന്നു. നിലവിൽ, കൊച്ചിയിലെ ആശുപത്രിയിൽ ഉമാ തോമസ് ചികിത്സയിൽ കഴിയുകയാണ്.‘കലാ പ്രവർത്തനങ്ങൾ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യൽ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവർത്തനത്തിന്റെ ഇരയായി’ എന്ന് ഗായത്രി വർഷ.ഉമാ തോമസ് ചികിത്സയിൽ തുടരവേ തന്നെ, ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരികെ പോയതും വിവാദങ്ങൾ സൃഷ്‌ടിച്ചു.തമിഴ്നാടിന്റെ പേരിൽ നിലവിലുള്ള റെക്കോർഡ് തകർക്കാനുള്ള ശ്രമഫലമായാണ് നൃത്ത പരിപാടി അരങ്ങേറിയത്. എന്നാൽ, ഉമാ തോമസിന്റെ അപകടത്തിന് പിന്നാലെ, സാരി വിറ്റത് മുതൽ പങ്കെടുത്തവരുടെ പക്കൽ നിന്നും രജിസ്ട്രേഷൻ ഫീ ഈടാക്കിയത് വരെയുള്ള വിഷയങ്ങളിലെ പൊരുത്തക്കേടുകൾ വാർത്താ തലക്കെട്ടുകളിൽ ഇടം നേടി. ഈ ഇനത്തിൽ, സംഘാടകർ കോടികളുടെ ലാഭം കൊയ്തു എന്ന് കണക്കുകൾ പ്രകാരം പുറത്തുവന്നു. ഇത്രയുമായിട്ടും, സംഭവത്തെക്കുറിച്ച് ദിവ്യ ഉണ്ണിയുടെ ഒരു പ്രതികരണം പോലും എവിടെയും ഉണ്ടായില്ല.ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത് മൃദംഗ വിഷൻ ആണെന്നും, വലിയ രീതിയിലെ പരിപാടിയുടെ മുഖമായി മാറാൻ താൻ ക്ഷണിക്കപ്പെടുകയായിരുന്നു എന്നുമാണ് ഒരഭിമുഖത്തിൽ ദിവ്യ ഉണ്ണി വെളിപ്പെടുത്തിയത്.ലോകറെക്കോർഡ് ലക്ഷ്യമിട്ടു കൊണ്ടുള്ള നൃത്തപരിപാടിയിൽ പങ്കെടുത്ത നടിയും നർത്തകിയുമായ ഉത്തര ഉണ്ണി മാത്രമാണ്, ധാർമികതയുടെ പേരിൽ ഉമാ തോമസിന്റെ തിരിച്ചുവരവിനും ആരോഗ്യത്തിനുമായി പ്രത്യാശിച്ചു കൊണ്ട് ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി എങ്കിലും പോസ്റ്റ് ചെയ്തത്. ഇതിനു ശേഷം മാത്രമാണ് ഉത്തര നൃത്ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത്.