ലോറിക്കടിയില്‍പ്പെട്ട് നാലുവിദ്യാര്‍ഥിനികള്‍ മരിച്ച പാലക്കാട് പനയംപാടത്തെ അപകടമേഖല സന്ദര്‍ശിച്ച് മന്ത്രി കെ ബി ഗണേഷ്കുമാര്‍ . അപകടമുണ്ടായ സ്ഥലത്ത് റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇവിടെയുണ്ടാകുന്ന അപകടങ്ങള്‍ക്ക് സ്ഥിരപരിഹാരം വേണം. ഇതിനായി ദേശീയ പാത അതോറിറ്റി പണം നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കും. ഇവിടുത്തെ ഓട്ടോ സ്റ്റാന്‍ഡും പാര്‍ക്കിങ്ങും മാറ്റുമെന്നും മന്ത്രി പറഞ്ഞു. പനയംപാടം അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരത്തിന് ചൊവ്വാഴ്ച യോഗം ചേരുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉടന്‍ യോഗം ചേരുമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും കോണ്‍ഗ്രസിന്‍റെ സമരപ്പന്തലില്‍ എത്തി മന്ത്രി ഉറപ്പുനല്‍കി. അപകടസ്ഥലം സന്ദര്‍ശിച്ച മന്ത്രി റോഡിലൂടെ വാഹനം ഓടിച്ച് പരീക്ഷിച്ചു.അതേസമയം, പനയംപാടത്ത് അപകടസ്ഥലം ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു. ദേശീയപാത അതോറിറ്റി അംഗങ്ങളും പൊതുമരാമത്ത്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.