കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ പറഞ്ഞു പറ്റിച്ച് വീഡിയോ പകർത്തി പണം തട്ടാൻ ശ്രമിച്ച സംഘം അറസ്റ്റിൽ. കോഴിക്കോട് സ്വദേശി അജ്മൽ (23), മലപ്പുറം സ്വദേശികളായ മുഹമ്മദ് സിബിനു സാലി(23), ഫർഹാൻ (23), നിലമ്പൂർ സ്വദേശി അനന്തു (22), കണ്ണൂർ സ്വദേശി റയാസ് (26) എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയതത്തൃക്കാക്കര സിഐ എകെ സുധീറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. ഇടപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ് നടപടി. ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതികൾ യുവാവിനെ വലയിലാക്കിയത്. തുടർന്ന് കാക്കനാട് പടമുകളിലേക്ക് ആറംഗ സംഘം യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നു. യുവാവിനെ മർദിച്ച് മൊബൈൽ ഫോൺ കൈക്കലാക്കിയ ശേഷം താൻ സ്വവർഗാനുരാഗിയാണെന്ന് പറയിപ്പിച്ച് വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. വീഡിയോ വാട്സ്ആപ്പ് വഴി പ്രചരിക്കാതിരിക്കാൻ ഒരു ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് പ്രതികൾ യുവാവിനെ ഭീഷണിപ്പെടുത്തി. അടുത്ത ദിവസം പണം എത്തിക്കാം എന്ന് പറഞ്ഞ് യുവാവ് അവിടെ നിന്ന് രക്ഷപ്പെട്ടു. വീട്ടിലെത്തിയ യുവാവ് സംഭവം പിതാവിനോട് പറയുകയും തൃക്കാക്കര പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.