ബെംഗളൂരു: വളർത്തുപൂച്ചയെ കൂടുതൽ പരിപാലിക്കുന്നെന്നാരോപിച്ച് ഭാര്യ നൽകിയ പരാതിയിലുള്ള അന്വേഷണം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഭാര്യ പോലീസിൽ കൊടുത്ത പരാതിക്കെതിരേ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബെംഗളൂരു സ്വദേശികളായ ദമ്പതിമാരാണ് അപൂർവമായ കേസുമായി ഹൈക്കോടതിക്ക് മുന്നിലെത്തിയത്. ഭർത്താവിന്റെ വീട്ടിൽ വളർത്തുപൂച്ചയുമായി ബന്ധപ്പെട്ട വഴക്കാണ് ആരോപണത്തിന്റെ കാതലെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന വിലയിരുത്തി. ഭാര്യയെക്കാൾ ഭർത്താവ് പൂച്ചയെ പരിപാലിക്കുന്നെന്നാണ് ആക്ഷേപം. ഭാര്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴെല്ലാം ഇരുവരും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്. സ്ത്രീധന പീഡനമോ ഭർത്താവിന്റെ ക്രൂരതയോ അല്ല വിഷയം, വളർത്തുപൂച്ചയാണ്. ഭാരതീയ ന്യായസംഹിത 498 എ പ്രകാരമുള്ള കുറ്റകൃത്യമായി ഇക്കാര്യം പരിഗണിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.