ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ തോല്‍വികളില്‍ പ്രതിഷേധം കടുപ്പിക്കാനുറച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരത്തില്‍ ടീമിനായി മുദ്രാവാക്യങ്ങളോ വാദ്യമേളമോ ഉണ്ടാകില്ലെന്ന് മഞ്ഞപ്പട മുന്നറിയിപ്പ് നൽകുന്നു. എന്നാൽ മത്സരങ്ങൾ ബഹിഷ്കരിക്കില്ല. സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും മഞ്ഞപ്പട പ്രതികരിച്ചു.മത്സരങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങി വിതരണം ചെയ്യില്ലെന്നും മഞ്ഞപ്പട അറിയിച്ചു. ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തുന്നതിന് കാരണം മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങളാണ്. മാറ്റങ്ങൾ ഉണ്ടാകുമെന്ന വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുന്നു. ക്ലബിന്റെ നിലവിലത്തെ സാഹചര്യത്തിൽ കടുത്ത നിരാശയുണ്ട്. മഞ്ഞപ്പടയുടെ ശബ്ദമാണ് ഈ ആരാധകകൂട്ടത്തിന്റെ ശക്തി. മഞ്ഞപ്പട വ്യക്തമാക്കി.ഇന്ത്യൻ സൂപ്പർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ബെംഗളൂരു എഫ് സിയോടും പരാജയപ്പെട്ടതിന് പിന്നാലെയാണ് ആരാധകർ ക്ലബിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ബെംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. എങ്കിലും ബ്ലാസ്റ്റേഴ്സിനായി വലിയ ആരാധകകൂട്ടം ശ്രീകണ്ഠീരവയിലേക്ക് എത്തിയിരുന്നു. മത്സരത്തിൽ ആദ്യം രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സ് പിന്നിലായി. പിന്നാലെ രണ്ട് ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. എങ്കിലും സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ബെംഗളൂരു രണ്ടിനെതിരെ നാല് ഗോളുകൾക്ക് മത്സരം വിജയിച്ചു. സീസണിൽ 11 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും രണ്ട് സമനിലയും ആറ് തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി ടേബിളിൽ 10-ാം സ്ഥാനത്താണ്.