കേരളത്തില്‍ നിന്ന് പുതിയ ആഭ്യന്തര വിമാന സര്‍വീസ് പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോ. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തിലേക്കാണ് സര്‍വീസ്. ആഴ്ചയില്‍ നാല് ദിവസം ആയിരിക്കും തിരുവനന്തപുരം – അഹമ്മദാബാദ് റൂട്ടിലേക്കും തിരിച്ചും സര്‍വീസുണ്ടാകുക. ഡിസംബര്‍ 13 വെള്ളിയാഴ്ച മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലാണ് വിമാനം സര്‍വീസ് നടത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. വൈകുന്നേരം 4.25ന് അഹമ്മദാബാദില്‍ നിന്ന് പുറപ്പെട്ട് രാത്രി 7.05ന് തിരുവനന്തപുരത്ത് എത്തിച്ചേരും. ഇതേ വിമാനം രാത്രി 7.35 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 9.55ന് അഹമ്മദാബാദില്‍ തിരികെ എത്തും. തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് പോകാനുള്ള ടിക്കറ്റ് നിരക്ക് 7,970 രൂപയും ടാക്‌സും ആണെന്നും തിരികെ അഹമ്മദാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 12,916 രൂപയും ടാക്‌സും ആണെന്നാണ് ഇന്‍ഡിഗോയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിരക്ക്.
തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് ആദ്യമായിട്ടാണ് ഇന്‍ഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. നേരത്തെ ബംഗളൂരു, മുംബയ് എന്നിവിടങ്ങളില്‍ വഴിയുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് ആണ് സര്‍വീസ് നടത്തിയിരുന്നത്. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന ഗുജറാത്തിലേക്ക് നേരിട്ടുള്ള സര്‍വീസ് തുടങ്ങുന്നത് വിനോദസഞ്ചാരമേഖലയ്ക്ക് പ്രയോജനപ്പെടുമെന്ന് വിമാനത്താവള അധികൃതര്‍ പ്രതീക്ഷ പങ്കുവെച്ചു.