ഗുരൂവായൂർ:പ്രശസ്തമായ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ച നടക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഈ വിശിഷ്ട ദിവസത്തിൽ ഗുരുവായൂരിലെത്തുന്നത്.മഹോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ വാദ്യകലാകാരന്മാരുടെ സാന്നിധ്യത്തോടെ പഞ്ചവാദ്യം, മേളം എന്നിവയോടു കൂടിയ കാഴ്ചശീവേലി രാവിലെയും രാത്രി വിളക്കെഴുന്നള്ളിപ്പും നടക്കും. രാവിലെ ശീവേലിക്ക് ശേഷം പാഠാനന്ദമായ കിഴക്കോട്ടെഴുന്നള്ളിപ്പ് ആരംഭിക്കും. ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു പാർഥസാരഥി ക്ഷേത്രത്തിൽ എത്തി തിരിച്ചെത്തുന്നതാണ് കിഴക്കോട്ടെഴുന്നള്ളിപ്പിന്റെ പ്രത്യേകത. ഈ ചടങ്ങിന് പഞ്ചവാദ്യം അകമ്പടിയായിരിക്കും.രാവിലെ മുതൽ ഭക്തർക്ക് ശാരീരികവും മാനസികവുമായ വിശുദ്ധി നേടാൻ വേണ്ടി വ്രതപാലനത്തിനായി ഗോതമ്പുചോറ്, കാളൻ, പുഴുക്ക്, ഗോതമ്പ് പായസം എന്നിവയോടു കൂടിയ പ്രത്യേക സദ്യ ഒരുക്കിയിരിക്കുന്നു.ഗുരുവായൂർ ഏകാദശി കേരളത്തിന്റെ ആചാരപരമായ ശ്രേഷ്ഠതയും ഭക്തിസാന്ദ്രമായ പ്രതീതിയും ആഘോഷമാക്കുന്ന ഒരു മഹോത്സവമാണ്.