ആര്യനാട് ഐടിഐയിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ സന്ദീപ് കസ്റ്റഡിയിൽ. സന്ദീപ് വീട്ടിലെത്തി നമിതയോട് സംസാരിച്ച് പോയശേഷം ആയിരുന്നു മരണം. ഇന്നലെയാണ് നെടുമങ്ങാട് സ്വദേശികളായ രജി, ബൈജു ദമ്പതികളുടെ മകൾ നമിതയെ (19) വാടക വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിവാഹമുറപ്പിച്ച ശേഷം സന്ദീപുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി വാക്കുതർക്കമുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ശേഷം സന്ദീപ് ഇവിടെ നിന്ന് പോയി. പിന്നീട് ഫോണിൽ വിളിച്ച് കിട്ടാതായതോടെ ഇയാൾ വീണ്ടും വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല എന്നാണ് സന്ദീപ് പറഞ്ഞത്.
രണ്ട് വർഷം മുമ്പാണ് നമിതയുടെയും സന്ദീപിന്റെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരും പ്രണയത്തിലായിരുന്നു. നമിതയുടെ ഫോണിൽ, പെൺകുട്ടി മറ്റൊരു യുവാവിനൊപ്പം നിൽക്കുന്ന ഫോട്ടോ സന്ദീപ് കണ്ടിരുന്നു. ഇതിനെച്ചൊല്ലി ഉണ്ടായ സംസാരമാകാം നമിതയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. പിന്നാലെയാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. നമിതയുടെ അമ്മ സമീപത്തെ കോഴി ഫാമിൽ ജോലി ചെയ്യുകയാണ്. നന്ദിതയാണ് സഹോദരി.
സന്ദീപിന് മറ്റേതെങ്കിലും തരത്തിൽ മരണവുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. നമിതയുടേത് തൂങ്ങിമരണം ആണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യതന്നെ ആണെങ്കില്‍ അതിലേക്ക് നയിച്ചതില്‍ സന്ദീപിന്റെ ഇടപെടലുണ്ടോ എന്നതില്‍ പൊലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.