താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ് വധു. പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു.കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. ഇരുവരുടെയും പ്രീ വെഡിങ് വിരുന്ന് ചെന്നൈയിൽ ഇന്നലെ നടന്നിരുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള മാധ്യമപ്രവർത്തകരെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ലണ്ടനിൽ നിന്ന് ജയറാമിന്റെ മകൾ മാളവികയും ഭർത്താവ് നവീനും പ്രീ വെഡിങ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സെപ്റ്റംബർ ഏഴിന് ഗുരുവായൂരിലായിരുന്നു ജയറാമിന്റേയും പാര്‍വ്വതിയുടേയും വിവാഹം. ഗുരുവായൂര്‍ കണ്ട റെക്കോര്‍ഡ് തിരക്കുള്ള താരവിവാഹമായിരുന്നു അത്.