തൃത്താല:തൃത്താല മേഖലയിലെ ലഹരി വിപണന ശൃംഖലയ്ക്കെതിരെ പോലീസിന്റെ മിന്നൽ നടപടി.യുവാക്കൾക്ക് എം.ഡി.എം.എ എത്തിച്ചുനൽകിയിരുന്ന പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന 40 വയസ്സുകാരനെ 54.190 ഗ്രാം എം.ഡി.എം.എയുമായി തൃത്താല പോലീസ് പിടികൂടി.പട്ടിത്തറ ആലൂർ സ്വദേശി ആലൂട്ട് വളപ്പിൽ അനീഷിനെയാണ് തൃത്താല എസ്.ഐ എം.എസ്. സത്യജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.അനീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.ലഹരിമരുന്ന് അളക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറുകൾ, ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം രാത്രി വെള്ളിയാങ്കല്ല് -കുമ്പിടി റോഡിൽ പോലീസിനെ കണ്ട് ബുള്ളറ്റിൽ രക്ഷപ്പെടാൻ ശ്രമിച്ച 21 വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു.ഇവരിൽ നിന്ന് 1.06 ഗ്രാം എം.ഡി.എം.എയും സിറിഞ്ചുകളും കണ്ടെത്തിയിരുന്നു.ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണം അനീഷിലേക്ക് എത്തിയത്.കഴിഞ്ഞ രണ്ട് വർഷമായി തൃത്താല മേഖലയിൽ ലഹരിവിപണന രംഗത്ത് അനീഷ് സജീവമായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.മേഖലയിലെ ലഹരിവിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പോലീസിന്റെ നിഗമനം.സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.തൃത്താല സി.ഐ കൃഷ്ണൻ കെ. കാളിദാസ്, എസ്.ഐ എം.എസ്.സത്യജിത്ത്,എ.എസ്.ഐ സനിൽ, ഡാൻസാഫ് അംഗങ്ങൾ,പാലക്കാട് ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഷിനോജ് ജേക്കബ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.







