തിരുവനന്തപുരം:സംസ്ഥാനത്ത് അംഗീകരമില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കും പ്രോട്ടീന്‍ പൗഡറുകള്‍ക്കും നിയന്ത്രണം.എല്ലാ ജില്ലകളിലും പരിശോധന നടത്താന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്‌ളോഗര്‍മാക്കെതിരെയും നടപടി ഉണ്ടാകും.മലപ്പുറത്ത് പതിനെട്ടുകാരിക്ക് മെര്‍കുറി സാന്നിധ്യമുള്ള ഫെയര്‍നെസ് ക്രീമിലൂടെ ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന വാര്‍ത്തയിലാണ് സര്‍ക്കാര്‍ നടപടി
ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും. ഇവയുടെ വില്‍പ്പന തടയാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.മംഗലാപുരം – കാസര്‍കോട് കേന്ദ്രീകരിച്ചാണ് ഇത്തരം വസ്തുക്കള്‍ സംസ്ഥാനത്ത് ഓണ്‍ലൈനായി വിറ്റഴിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം എഫ് ട്യൂണ്‍ എന്ന കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അരീക്കോട് പൊലീസ് ഫേസ് ക്രീം കമ്പനിക്കെതിരെ കേസെടുത്തത്. അമിത മെര്‍കുറി സാന്നിധ്യമുള്ള ക്രീമിന്റെ ഇരയായി താനും മെമ്പ്രാനസ് നെഫ്രോപ്പതി ബാധിതനായെന്ന് മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍ വെളിപ്പെടുത്തി.
കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ക്രീം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ എങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് സോഷ്യല്‍ മീഡിയ പരിഹാസങ്ങള്‍ക്കിടയിലും താന്‍ മുന്നോട്ട് വന്നതെന്നും പെണ്‍കുട്ടി പറയുന്നു. വ്യാജ സൗന്ദര്യ വസ്തുക്കളുടെ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സൗന്ദര്യ’യിലൂടെ ഇതുവരെ പിടിച്ചെടുത്തത്, 10 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണ്. പരിശോധനയുടെ നാലുഘട്ടം കഴിഞ്ഞപ്പോലുള്ള കണക്കാണ് പുറത്തുവന്നത്. പിടിച്ചെടുത്തവയില്‍ കൂടുതലും ലിപ്സ്റ്റിക്, ഫേസ്‌ക്രീം, ബേബി പൗഡര്‍ ,തുടങ്ങിയവയാണ്







