പൊന്നാനി:പൊന്നാനിയിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് വിശ്രമം, അന്നദാനം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കണ്ട കുറുമ്പക്കാവ് ഇടത്താവളം വൃശ്ചികം ഒന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു.
കെ.പി. നൗഷാദലി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഇടത്താവള സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം പത്മനാഭദാസ അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു.
എല്ലാ മനുഷ്യരും സമന്മാരാണെന്ന സന്ദേശമാണ് ശബരിമല അയ്യപ്പന്റെ പൂങ്കാവനം ഉയർത്തിപ്പിടിക്കുന്നതെന്ന് ആദിത്യ വർമ്മ പറഞ്ഞു. തുടർച്ചയായി മൂന്ന് വർഷവും പൊന്നാനിയിൽ ഇടത്താവളം ഒരുക്കുകയും, തുടർന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി സ്ഥിരമായ ഇടത്താവളം നടപ്പിലാക്കാൻ പരിശ്രമിക്കുകയും ചെയ്ത എം.എൽ.എ നൗഷാദലിയെ അദ്ദേഹം അഭിനന്ദിച്ചു.
തിരുവിതാംകൂർ രാജകുടുംബാംഗത്തെ പഞ്ചവാദ്യത്തോടുകൂടി പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. കണ്ട കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിന് ഊട്ടുപുര നൽകിയ അക്ബർ ട്രാവൽസ് എം.ഡി ഡോ. കെ.വി. അബ്ദുൾ നാസറിനെ ആദിത്യ വർമ്മ തമ്പുരാൻ പൊന്നാട അണിയിച്ചു.
യോഗത്തിൽ യോഗക്ഷേമ അധ്യക്ഷൻ നീലമന ദാമോദരൻ നമ്പൂതിരി, കാടാമ്പുഴ ക്ഷേത്രം തന്ത്രി ആണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ടി.കെ. നാരായണരാജ, സിനിമാ നടൻ ഷൈജു കുറുപ്പ്, രഘു രാമ നാരായണദാസ്, ആലങ്കോട് ലീലാകൃഷ്ണൻ, സംവിധായകൻ ശ്രീകുമാർ മേനോൻ, പി.ടി. അജയ്മോഹൻ, സി. ഹരിദാസ്, ടി.കെ. അഷറഫ്, അഷറഫ് കോക്കൂർ, എം.വി. ശ്രീധരൻ മാസ്റ്റർ, സി. മോഹനൻ നായർ, കെ. രാജീവ്, പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
ഇടത്താവള കമ്മിറ്റി ഭാരവാഹികളായ എ. പവിത്രകുമാർ, സി.എ. ശിവകുമാർ, കല്ലൂർ മുരളീധരൻ, പി. സദാനന്ദൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, നളിനി സരോജം, പുന്നക്കൽ സുരേഷ്, പ്രദീപ് കാട്ടിലായിൽ, കെ.പി. സോമൻ എന്നിവർ നേതൃത്വം നൽകി.







