പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥികൾ പ്രശസ്ത പ്രാദേശിക ചരിത്രകാരനും എഴുത്തുകാരനുമായ ടി.വി. അബ്ദുറഹ്മാൻ മാഷിന്റെ വസതി സന്ദർശിച്ചു.
ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഗ്ലിംപ്സ് ദി ഹിസ്റ്ററി’ എന്ന പേരിൽ സംഘടിപ്പിച്ച സംവാദ പരിപാടിയുടെ ഭാഗമായാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ന് വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
കോളേജ് പി.ആർ.ഒ ഫൈസൽ ബാവ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് ടി.വി. അബ്ദുറഹ്മാൻ മാഷ് വിദ്യാർത്ഥികളുമായി സംവദിച്ചു. പൊന്നാനിയുടെ ചരിത്രപരമായ പ്രാധാന്യവും പോയകാല സ്മരണകളും സാംസ്കാരിക പൈതൃകവും കോർത്തിണക്കിയുള്ള അദ്ദേഹത്തിന്റെ വിവരണങ്ങൾ വിദ്യാർത്ഥികൾക്ക് ഏറെ ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായി മാറി. പാഠപുസ്തകങ്ങൾക്കപ്പുറം നാടിന്റെ ചരിത്രം നേരിട്ട് മനസ്സിലാക്കാൻ ഈ കൂടിക്കാഴ്ച വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി.
ചടങ്ങിൽ ടി.വി. അബ്ദുറഹ്മാൻ മാഷിനുള്ള കോളേജിന്റെ സ്നേഹോപഹാരം ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അമർനാഥ് സമ്മാനിച്ചു. സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് പൊന്നാനി സന്നിഹിതനായിരുന്നു. ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥികളായ മുഹമ്മദ് സിനാൻ സ്വാഗതവും സൽമത്ത് നന്ദിയും രേഖപ്പെടുത്തി.







