ചമ്മന്നൂർ: സംസ്ഥാന സഹോദയ കലോത്സവം 2026-ൽ തിളക്കമാർന്ന നേട്ടവുമായി അമൽ ഇംഗ്ലീഷ് സ്കൂൾ. സംസ്ഥാനത്തെ ആയിരത്തിലധികം സ്കൂളുകൾ മാറ്റുരച്ച കലാമേളയിൽ 64 എ ഗ്രേഡുകളും 400 പോയിന്റുകളും കരസ്ഥമാക്കിയാണ് സ്കൂൾ ഓവറോൾ ഒമ്പതാം സ്ഥാനവും, അഭിമാനകരമായ ‘സഹോദയ ടോപ്പർ അവാർഡും’ (Sahodaya Topper Award) സ്വന്തമാക്കിയത്.
വിവിധ വിഭാഗങ്ങളിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു (കാറ്റഗറി 4: അഞ്ചാം സ്ഥാനം, കാറ്റഗറി 2: ആറാം സ്ഥാനം, കാറ്റഗറി 3: എട്ടാം സ്ഥാനം, കോമൺ കാറ്റഗറി: ഒമ്പതാം സ്ഥാനം). കോൽക്കളിയിൽ ഒന്നാം സ്ഥാനവും ഒപ്പനയിൽ രണ്ടാം സ്ഥാനവും നേടി. വ്യക്തിഗത ഇനങ്ങളിൽ ഇസ്സ ബാദുഷ (മാപ്പിളപ്പാട്ട്, അറബിക് പാരായണം), മഹെക് സഹ്റ (ഇംഗ്ലീഷ് പ്രസംഗം) എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ മൈം, തിരുവാതിരക്കളി, ദഫ്‌മുട്ട്, ഗ്രൂപ്പ് ഡാൻസ് (കാറ്റഗറി 2 & 3), ഏകാങ്കനാടകം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും വിദ്യാർത്ഥികൾ എ ഗ്രേഡ് നേടി.
വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയുടെയും അധ്യാപകരുടെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളുടെയും കൂട്ടായ വിജയമാണിത്. കലയും പഠനവും ഒരുപോലെ കൊണ്ടുപോകുന്ന ഞങ്ങളുടെ കുട്ടികൾ സ്കൂളിന്റെ മാത്രമല്ല, നാടിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണെന്ന് അമൽ സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ പറഞ്ഞു.
വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിനും രക്ഷിതാക്കളുടെ പിന്തുണയ്ക്കും ലഭിച്ച അംഗീകാരമാണ് ഈ നേട്ടമെന്ന് പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ നാലകത്ത് അറിയിച്ചു. വിജയികളെ സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.






