എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടു നിൽകുന്ന ഋഗ്വേദ ലക്ഷാർച്ചനക്ക് ഡിസംബർ ആറിന് തുടക്കമാകുമെന്ന്
ഭാരവാഹികൾ
പത്രസമ്മേളനത്തിൽ
അറിയിച്ചു.ദക്ഷിണാമൂർത്തി വേദിക് ആൻഡ് താന്ത്രിക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ
നടത്തുന്ന ലക്ഷാർച്ചന
അഞ്ചിന് വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂർ ഡി.എം.ഒ.യും അഡീഷണൽ ഡയറക്ടറുമായ ഡോ. പീയൂഷ് എം. നമ്പൂതിരി ഉദ്ഘാടനം ചെയ്യും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു അധ്യക്ഷത വഹിക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ നടക്കും.
ആറിന് രാവിലെ തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാഗണപതി ഹോമം, 10.30-ന് നാഗശാപവും കോപവും എന്ന വിഷയത്തിൽ സത് സംഗം, രാത്രി ഏഴിന് ഗുരുവായൂർ തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ മഹാഭഗവതി സേവ, ഭജൻ ആരാധന, ഭക്തിഗാനസുധ എന്നിവ നടക്കും.
ശബരിമല തന്ത്രി താഴമൺ കണ്ഠരര് മഹേഷ് മോഹനര്, കാടാമ്പുഴ തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട്, കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യൻ അഡിഗ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം തന്ത്രി കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, തൃശൂർ വടക്കും നാഥക്ഷേത്രം തന്ത്രി പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്തിലുള്ള മഹാഭഗവതി സേവ 12 വരെയുള്ള ദിവസങ്ങളിൽ രാത്രി ഏഴിന് നടക്കും.
നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി, സംഗീതാർച്ചന, ഭക്തിഗാന സുധ, മോഹിനിയാട്ടം എന്നിവയും വിവിധ ദിവസങ്ങളിൽ രാത്രി 7.30 മുതൽ നടക്കും.
12-ന് ലക്ഷാർച്ചനയിൽ പങ്കെടുത്ത വൈദികരെയും തന്ത്രിമാരെയും ആദരിക്കുന്ന ആചാര്യ സദസ് ബദ്രിനാഥ് ക്ഷേത്രം മുൻ പൂജാരി റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സമാപന ദിവസം രാവിലെ ഏകാദശ രുദ്രം, ശ്രീരുദ്രജപവും സൂക്തജപവും, കലശപ്രദക്ഷിണം, കലശാഭിഷേകം എന്നിവക്ക് ശേഷം സമ്പ്രദായ നാമസങ്കീർത്തനം, പ്രസാദ ഊട്ട് എന്നിവയോടെ ലക്ഷാർച്ചനക്ക് സമാപനമാകുമെന്ന്
ട്രസ്റ്റ് ചെയർമാൻ ഗോപാൽജി മേലാർകോട്,
നാറാസ് ഇട്ടി രവി നമ്പൂതിരി,മേൽശാന്തി ഊരേങ്കര സിനോജ് നാരായണൻ മ്പൂതിരി, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ. സദാനന്ദൻ,ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, എൻ.എം. കുഞ്ഞൻ നമ്പൂതിരി, പ്രസാദ് നമ്പൂതിരി എന്നിവർ അറിയിച്ചു.






