ചങ്ങരംകുളം:പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലിയുടെ ചങ്ങരംകുളത്തെ പുതിയ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14 ശനിയാഴ്ച നടക്കും.
ചങ്ങരംകുളം എടപ്പാൾ റോഡിലെ ഹയാത്ത് മാളിലാണ് പുതിയ എം.എൽ.എ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.
“ബുൾഡോസർ രാജ്: വിറങ്ങലിക്കുന്ന മാനവികതയും നിയമവും” എന്ന വിഷയത്തിലാണ് സെമിനാർ. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തിലാണ് സെമിനാർ നടക്കുക.
രാജ്യത്ത് ബുൾഡോസർ നടപടികൾ ഉയർത്തുന്ന ഭരണഘടനാപരവും നിയമപരവും മാനുഷികവുമായ ആശങ്കകളാണ് സെമിനാറിൽ ചർച്ച ചെയ്യുക. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബുൾഡോസർ നടപടികൾ നടപ്പാക്കുന്ന രീതി, ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും സ്വത്തുവകകളും തകർക്കുന്ന നടപടികൾ,നിയമപരമായ നടപടിക്രമങ്ങളുടെ ലംഘനം, പൗരന്മാരുടെ മൗലികാവകാശങ്ങൾ, സ്വത്തവകാശം, ഭരണഘടനാപരമായ സംരക്ഷണം, നീതിന്യായ വ്യവസ്ഥയുടെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിശദമായി ചർച്ച ചെയ്യും.
സെമിനാറിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എഴുത്തച്ഛൻ പുരസ്കാര ജേതാവ് എൻ.എസ്. മാധവൻ, ദി വയർ സീനിയർ എഡിറ്റർ അർഫ ഖാനം ഷെർവാണി, ദി കാരവൻ മുൻ എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് എന്നിവർ പങ്കെടുക്കും.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, നീതി, വ്യക്തിസ്വാതന്ത്ര്യം, മനുഷ്യന്റെ അന്തസ്സ്, നിയമത്തിന് മുന്നിലുള്ള തുല്യപരിരക്ഷ എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും സമകാലിക ഇന്ത്യയിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഗൗരവകരമായ പൊതുസംവാദം സൃഷ്ടിക്കുകയുമാണ് സെമിനാറിന്റെ ലക്ഷ്യം.പി.പി. യൂസഫലി, കെ.വി. കാദർ, ഹുറൈർ കൊടക്കാട്, കെ. മുരളീധരൻ, ഷാനവാസ് വട്ടത്തൂർ, ഉമ്മർ കുളങ്ങര തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.







