ചങ്ങരംകുളം:പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഓടിക്കുന്നതിനെതിരെ നടപടി കർശനമാക്കി പോലീസ്.ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 50-ലധികം ബൈക്കുകളാണ് ഇതിനോടകം പോലീസ് കസ്റ്റഡിയിലെടുത്തത്.ബൈക്ക് ഓടിച്ചവർക്ക് 18 തികയാത്തതിനാൽ രക്ഷിതാക്കൾക്കോ ആർസി ഓണർക്കോ എതിരെയാണ് കേസെടുത്ത് ബൈക്ക് കോടതിക്ക് കൈമാറുന്നത്.കുട്ടികളുടെ നിയമലംഘനത്തിന് പുലിവാല് പിടിച്ചിരിക്കുന്നത് രക്ഷിതാക്കളാണ്.കോടതി കയറണം എന്ന് മാത്രമല്ല, 25,000 മുതൽ 45,000 രൂപ വരെ പിഴയടച്ച് വേണം പിടിച്ചെടുത്ത വാഹനങ്ങൾ വീട്ടിലെത്തിക്കാൻ.അടുത്തിടെ സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളെ തുടർന്നാണ് പോലീസ് നടപടി കടുപ്പിച്ചത്.രക്ഷിതാക്കൾ അറിയാതെ പ്രായപൂർത്തിയാകാത്ത കുട്ടികൾ ബൈക്കുകൾ എടുത്ത് പോകുന്നതാണ് രക്ഷിതാക്കളെ ഏറെ ആശങ്കയിലാക്കുന്നത്.







