ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിലെ ജീവനക്കാരുടെ ദീർഘകാല സേവനത്തെയും ആത്മാർത്ഥതയെയും ആദരിച്ചുകൊണ്ട് ‘ലോംഗ് സർവീസ് അവാർഡ് സെറിമണി 2026’ വിപുലമായ പരിപാടിയോടെ സംഘടിപ്പിച്ചു.സൺറൈസ് ഹോസ്പിറ്റൽ കൊച്ചി ബ്രാഞ്ചിലെ സഹപ്രവർത്തകയുടെ അകാലവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പരേതയുടെ സ്മരണയ്ക്ക് മുൻപിൽ ചടങ്ങിൽ പങ്കെടുത്ത എല്ലാവരും ഒരു നിമിഷം മൗനം ആചരിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ, എട്ട് വർഷത്തിലധികമായി സ്ഥാപനത്തോടൊപ്പം ചേർന്നുനിന്ന് നിസ്വാർത്ഥ സേവനം കാഴ്ചവെക്കുന്ന ജീവനക്കാരെ സൺറൈസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീമതി പർവീൺ ഹഫീസ് പ്രത്യേക പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.ചടങ്ങിൽ ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. സുമേഷ് ടി. നായർ, ഹെഡ് ഓഫ് ഓപ്പറേഷൻസ് ആൻഡ് റിലേഷൻസ് ശ്രീ. വിനോദ് കെ. പിള്ള എന്നിവരും സംബന്ധിച്ചു.ജീവനക്കാരുടെ വർഷങ്ങളായുള്ള ആത്മാർത്ഥമായ സേവനവും കഠിനാധ്വാനവുമാണ് ഏതൊരു സ്ഥാപനത്തിന്റെയും യഥാർത്ഥ കരുത്തെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ഓരോരുത്തരുടെയും സേവനങ്ങളെ മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദിച്ചു. വരുംകാലങ്ങളിലും പരസ്പര സഹകരണത്തോടെ കൂടുതൽ ഉയരങ്ങളിലേക്കും നേട്ടങ്ങളിലേക്കും എത്തിച്ചേരാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് ചടങ്ങ് പര്യവസാനിച്ചത്.









