ഓക്ലൻഡ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനെ അഞ്ചു വിക്കറ്റിന് കീഴടക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 185 റൺസിന് ഓൾഔട്ടായി. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനിടെ മഴ കാരണം മത്സരം രണ്ടു തവണ തടസപ്പെട്ടു. ഇതോടെ വിജയലക്ഷ്യം 32 ഓവറിൽ 143 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു. 22.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു.
51 പന്തിൽ നിന്ന് ഒരു സിക്‌സും 13 ഫോറുമടക്കം 74 റൺസെടുത്ത വിരാട് കോലിയുടെ ഇന്നിങ്‌സാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 56 പന്തിൽ നിന്ന് 37 റൺസുമായി കോലിക്ക് ഉറച്ച പിന്തുണ നൽകി.
കിവീസ് ഉയർത്തിയ താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ രോഹിത് ശർമയെ (0) നഷ്ടമായി. ആദ്യ ഓവറിലെ ആറാം പന്തിൽ കൈൽ ജാമിസനാണ് രോഹിത്തിനെ പുറത്താക്കിയത്. പിന്നാലെ ക്രീസിലൊന്നിച്ച ശുഭ്മാൻ ഗിൽ – വിരാട് കോലി സഖ്യം 104 പന്തിൽ നിന്ന് 113 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. 19-ാം ഓവറിൽ ഗില്ലിനെ പുറത്താക്കി നേഥൻ സ്മിത്താണ് ഒടുക്കം ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 20 ഓവറിൽ കോലിയേയും അക്ഷർ പട്ടേലിനെയും പുറത്താക്കി ജേക്കബ് ഡഫി ഇന്ത്യയുടെ വിജയം വൈകിച്ചു. ശ്രേയസ് അയ്യരാണ് (15) പുറത്തായ മറ്റൊരു താരം.
നേരത്തേ പേസർമാരുടെ മികവിലാണ് ഇന്ത്യയ്ക്ക് ന്യൂസീലൻഡിനെ 185 റൺസിലൊതുക്കാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 40.2 ഓവറിലാണ് 185 റൺസിന് ഓൾഔട്ടായത്.
നാലു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ അൻഷുൽ കാംബോജുമാണ് കിവീസിനെ തകർത്തത്.
കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കിവീസിനെ കൂട്ടുകെട്ടുകൾ പടുത്തുയർത്തുന്നതിൽ നിന്ന് തടയാനായതാണ് നിർണായകമായത്. 43 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 38 റൺസെടുത്ത ടിം സെയ്‌ഫെർട്ടാണ് കിവീസിന്റെ ടോപ് സ്‌കോറർ. ഡാരിൽ മിച്ചൽ 41 പന്തിൽ നിന്ന് 28 റൺസെടുത്തു. 51 പന്തിൽ നിന്ന് 30 റൺസെടുത്ത ഗ്ലെൻ ഫിലിപ്സും ഭേദപ്പെട്ട സംഭാവന നൽകി.
വിൽ യങ് (9), ഹെന്റി നിക്കോൾസ് (9), ടോം ലാഥം (3), ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ (4) എന്നിവർക്കാർക്കും തന്നെ രണ്ടക്കം കടക്കാനായില്ല. ഒടുവിൽ ടീമിലെ 11-ാമനായ ബ്ലെയർ ടിക്നർ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് കിവീസ് സ്‌കോർ 185-ൽ എത്തിച്ചത്. 23 പന്തിൽ നിന്ന് ടിക്നർ 34 റൺസെടുത്തു. നാലു സിക്സും ഒരു ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ജേക്കബ് ഡഫി 15* റൺസോടെ പുറത്താകാതെ നിന്നു.










