വെളിയങ്കോട്:എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്സിലെ മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പും നേച്ചർ ക്ലബ്ബും സംയുക്തമായി ലോക വീഗൻ ദിനത്തിന്റെ ഭാഗമായി ‘ഗ്രീൻ ഹോറൈസൺ 2026’ സംഘടിപ്പിച്ചു. ആരോഗ്യകരവും സസ്യഭുക്ക് അടിസ്ഥാനമാക്കിയുള്ളതുമായ ഭക്ഷണരീതികളെക്കുറിച്ചുള്ള ബോധവൽക്കരണവും ഫുഡ് എക്സിബിഷനും പരിപാടിയുടെ ഭാഗമായി നടന്നു.ചടങ്ങ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സതീഷ്കുമാർ സി ഉദ്ഘാടനം ചെയ്തു. വെജിറ്ററിയൻ ഭക്ഷണം ശീലമാക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് അദ്ദേഹം സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് പരിസ്ഥിതി പ്രവർത്തകനും കോളേജ് പി.ആർ.ഒ.യുമായ ഫൈസൽ ബാവ ബോധവത്കരണ ക്ലാസ് എടുത്തു. ഈ ഭൂമി മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും നമ്മോടൊപ്പം ജീവിക്കുന്ന മറ്റ് മിണ്ടാപ്രാണികൾക്കും ഇവിടെ ജീവിക്കാൻ തുല്യ അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നമ്മുടെ ആഹാരത്തിനും വസ്ത്രത്തിനും ആഡംബരങ്ങൾക്കും വേണ്ടി എണ്ണമറ്റ മൃഗങ്ങളാണ് ദിവസേന ജീവൻ കൊടുക്കേണ്ടി വരുന്നതെന്നും വീഗൻ ദിനാചരണം കേവലം സസ്യാഹാരി ആകുക എന്നത് മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈസ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷഫീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊമേഴ്സ് വിഭാഗം മേധാവി മായാ സി, ഐ.ക്യു.എ.സി. മേധാവി റസീന, യൂണിയൻ അഡ്വൈസർ ആഷിക് എൻ.പി. എന്നിവർ സംസാരിച്ചു. വകുപ്പ് മേധാവികളായ അശ്വതി കെ.പി.അബ്ദുൽ വാസിഹ് എന്നിവർ ആശംസകൾ നേർന്നു. നേച്ചർ ക്ലബ്ബ് കോർഡിനേറ്ററും മാനേജ്മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറുമായ റഹിയാനത്ത് ശ്രുതി സ്വാഗതവും സ്റ്റുഡന്റ് കോർഡിനേറ്റർ ഹിബ നസ്രിൻ നന്ദിയും പറഞ്ഞു.







