എരമംഗലം :വയോജനങ്ങൾക്കും യുവതികൾക്കും കൈത്താങ്ങാവുന്ന പദ്ധതിയുമായി എരമംഗലം പുഴക്കര ശ്രീ ഭഗവതീക്ഷേത്രം. ‘ദേവീകെയർ’ പദ്ധതി. ക്ഷേത്രത്തിനു കീഴിൽ ഉൾപ്പെടുന്ന കുടുംബങ്ങളിൽ വിവാഹിതരാവുന്ന പെൺകുട്ടികൾക്ക് വിവാഹസമ്മാനമായി 5000 രൂപയും, 80 വയസ് മുതലുള്ള വായോജനങ്ങൾക്ക് പെൻഷൻ സഹായവും പദ്ധതിയുടെ ഭാഗമായി നൽകും. ഇതിന് പുറമെ കുടുംബങ്ങളിൽ മരണം സംഭവിച്ചാൽ മരണാനന്തര ധനസഹായമായി 5000 രൂപയും നൽകും. റേഷൻ കാർഡിന്റെ വേർതിരിവുകളില്ലാതെ മുഴുവൻ കുടുംബങ്ങൾക്കും ‘ദേവീകെയർ’ പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കും. ക്ഷേത്രം നൽകുന്ന സഹായം ആവശ്യമില്ലാത്ത കുടുംബങ്ങൾ ദേവീകെയർ പദ്ധതിയുടെ തുക കൈപറ്റിയ ശേഷം ക്ഷേത്രത്തിന് സംഭാവനയായി തിരിച്ചു നൽകാനാവും. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ദേവീകെയർ പദ്ധതി കെ.പി. നൗഷാദ് അലി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് സി.എൻ. ഹരിനാരായണൻ അധ്യക്ഷനായി. സെക്രട്ടറി ചക്കരാത്ത് ബാലകൃഷ്ണൻ, വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ, പഞ്ചായത്തംഗം ബക്കർ ഫാസി, സുരേഷ് പാട്ടത്തിൽ, സി.കെ. പ്രഭാകരൻ, വി.കെ. ഷണ്മുഖൻ എന്നിവർ പ്രസംഗിച്ചു.







