വെളിയങ്കോട്:ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ സ്മരണാർത്ഥം എം.ടി.എം. കോളേജ് ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പെലെയുടെ എൺപത്തിയാറാം ജന്മദിനാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ബിനിൻ റ്റി വി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സതീഷ്‌കുമാർ സി. നിർവ്വഹിച്ചു.
ലോക കായിക ചരിത്രത്തിന് എക്കാലവും മറക്കാനാകാത്ത താരമാണ് പെലെയെന്നും, കാലങ്ങൾക്കിപ്പുറവും ലോക ഫുട്ബോളിലെ ഓരോ വളർന്നുവരുന്ന താരത്തിനും വലിയ ആവേശവും പ്രചോദനവുമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും ഡോ. സതീഷ്‌കുമാർ സി. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ചടങ്ങിൽ കോളേജ് പി.ആർ.ഒ. ഫൈസൽ ബാവ പെലെ അനുസ്മരണ പ്രഭാഷണം നടത്തി. പെലെയുടെ കളിമികവും ലോക ഫുട്ബോളിന് അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകളും അദ്ദേഹം തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. തുടർന്ന് ബ്രസീൽ, അർജന്റീന ടീമുകളായി തിരിഞ്ഞ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത സൗഹൃദ ഫുട്ബോൾ മത്സരവും നടന്നു. കോളേജിലെ നിരവധിയായ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചടങ്ങിലും തുടർന്നുള്ള മത്സരങ്ങളിലും പങ്കാളികളായി.






