തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചത്. ബാക്കി ഏഴ് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. നാളെ 14 ജില്ലകളിലും യെല്ലോ അലേര്ട്ട് നല്കിയിട്ടുണ്ട്. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്
19 വരെ ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് തുലാവര്ഷപ്പെയ്ത്ത് തുടങ്ങിയതായാണ് വിലയിരുത്തല്. ഇന്ന് സംസ്ഥാനത്ത് ഉടനീളം മഴയും വിവിധയിടങ്ങളില് ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടായി
വടക്കുകിഴക്കന് മണ്സൂണ് കാറ്റിലൂടെ ഒക്ടോബര് പകുതിയോടെ കേരളത്തില് ലഭിക്കുന്ന രണ്ടാമത്തെ മഴക്കാലമാണ് തുലാവര്ഷം അഥവാ തുലാമഴ. തെക്കുപടിഞ്ഞാറന് മണ്സൂണ് (കാലവര്ഷം) രാജ്യത്തുനിന്ന് പൂര്ണമായി പിന്വാങ്ങുന്നതോടെയാണ് തുലാവര്ഷം ആരംഭിക്കുന്നത്. ബംഗാള് ഉള്ക്കടലില് നിന്നുണ്ടാകുന്ന ന്യൂനമര്ദ്ദങ്ങളും കാറ്റുമാണ് ഈ മഴയ്ക്ക് കാരണം. അതിശക്തമായ ഇടിമിന്നലും ശക്തമായ കാറ്റുമാണ് തുലാവര്ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.







