ഒറിഗണ്: അമേരിക്കയിലെ ഒറിഗണിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പില് മൂന്ന് കുട്ടികളും ഒരു അധ്യാപകനും കൊല്ലപ്പെട്ടു. അഞ്ചും എട്ടും പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ 16-കാരനായ പ്രതിയെ സ്കൂളിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടയാണ് 16കാരന് കൂട്ടക്കൊല നടത്തിയത്.
സ്കൂളിന് പുറത്തുള്ള ഒരു കാറിന് നേരെ അജ്ഞാതനായ ഒരാള് വെടിയുതിര്ത്തതായി കാണിച്ച് പോലീസിന് സന്ദേശമെത്തി. വിവരമറിഞ്ഞ ഉടന് തന്നെ പോലീസ് സ്ഥലത്തെത്തി സ്കൂളിലുള്ളവരെ ഓരോ മുറിയായി കയറി ഒഴിപ്പിക്കാനുള്ള നടപടികള് ആരംഭിച്ചു. ആക്രമണം നടത്തിയ 16-കാരന് സ്കൂളിനുള്ളില് വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. എന്നാല് പ്രതിയെ വെടിവെച്ചത് ആരാണെന്ന് കാര്യത്തില് വ്യക്തത വന്നിട്ടില്ല.
സംഭവത്തെ തുടര്ന്ന് സ്കൂള് അടച്ചിട്ടു. ഈ ദാരുണമായ സംഭവത്തില് തങ്ങള് കടുത്ത ഞെട്ടലിലും ദുഃഖത്തിലുമാണെന്ന് ബെന്ഡ്-ലാ പൈന് സ്കൂള് സൂപ്രണ്ട് സ്റ്റീവന് കുക്ക് പ്രസ്താവനയില് പറഞ്ഞു. കിന്റര്ഗാര്ട്ടന് മുതല് അഞ്ചാം ക്ലാസ് വരെ കുട്ടികള് പഠിക്കുന്ന ഈ സ്കൂളില് കഴിഞ്ഞ വര്ഷത്തെ കണക്കുകള് പ്രകാരം 459 വിദ്യാര്ത്ഥികളാണ് പഠിച്ചിരുന്നത്. ഒറിഗണ് ഡിപ്പാര്ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്റെ കണക്കാണിത്. സംഭവത്തില് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു







