തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95 രൂപ കുറഞ്ഞ് 13,590 രൂപയായി. പവന് 760 രൂപ കുറഞ്ഞ് 1,80,720 രൂപയായി. മൂന്ന് ദിവസത്തിനിടെ പവന് 2000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വർണം.ആഗോള വിപണിയിൽ സ്വർണത്തിൽ ചാഞ്ചാട്ടം കാണുന്നുണ്ട്. എന്നാൽ ഡോളർ സൂചിക ഉയർന്ന് നിൽക്കുന്നതും രൂപയും മൂല്യം കൂടുന്നതുമാണ് സ്വർണവില കുറയാൻ കാരണം. ക്രൂഡ് ഓയിൽ വില 107 ഡോളറിന് അടുത്തെത്തി. ഡോളർ സൂചിക 102ന് മുകളിൽ തുടരുകയാണ്. രൂപയുടെ മൂല്യം 95.05 എന്ന നിരക്കിലേക്ക് ഉയർന്നു.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില യുഎസ് ഡോളറിലാണ് കണക്കാക്കുന്നത്. ഡോളർ ശക്തമാകുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് ചെലവ് കൂടും. ഇതും ആഗോളതലത്തിൽ സ്വർണത്തിന്റെ ആവശ്യകതയെ സമ്മർദത്തിലാക്കാം. റിസർവ് ബാങ്ക് ഇടപെടൽ മൂലം ഈ ദിവസങ്ങളിൽ ഡോളറിനെതിരെ രൂപ ശക്തി പ്രാപിച്ചിരുന്നു. ഇതും വിലയിൽ പ്രതിഫലിക്കാം.ഫെഡറൽ റിസർവിന്റെ പലിശനയം, ഡോളറിന്റെ മൂല്യത്തിലെ ചലനങ്ങൾ, അമേരിക്കൻ ബോണ്ട് യീൽഡുകൾ, തൊഴിൽ വിപണി കണക്കുകൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വം എന്നിവയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന മറ്റ് പ്രധാന ഘടകങ്ങൾ.വെള്ളി വിലസംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഗ്രാമിന് 245 രൂപയാണ് വിപണിവില. 10 ഗ്രാമിന് 2,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്.










