പാലക്കാട് മൂലത്തറ ആൾക്കൂട്ട കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കൊലപ്പെടുത്തിയത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിലെന്ന് കണ്ടെത്തൽ. 23കാരനായ മൂലക്കടവ് സ്വദേശി കതിരേശനാണ് പ്രധാന പ്രതി. പലതവണ പറഞ്ഞിട്ടും കതിരേശന്റെ വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ വൈരാഗ്യത്തിലാണ് 40കാരനെ തല്ലിക്കൊന്നത്.കൊല്ലപ്പെട്ടയാൾ ഭിക്ഷാടകനാണെന്നാണ് വിവരം. ഇയാളെ പിന്തുടർന്നെത്തി മർദിക്കുകയായിരുന്നു. സംഘം മദ്യപിക്കുന്നതിനിടെ ഭിക്ഷാടകൻ നടന്നു പോകുന്നത് കണുകയും അവിടെവെച്ച് കല്ലെറിഞ്ഞു ഓടിക്കുകയും ചെയ്തു. പിന്നീട് പിന്തുടർന്നെത്തി മൂലത്തറ ഡാമിന് സമീപം പിടിച്ചുനിർത്തി മർദിക്കുകയായിരുന്നു.
ഏഴംഗ സംഘം ചേർന്നാണ് കൊലപാതകം നടത്തിയത്. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്നും കണ്ടെത്തൽ. കൊല്ലപ്പെട്ടയാളുടെ ശരീരത്തിൽ 50ലേറെ മുറിവുകൾ കണ്ടെത്തി. തലയ്ക്കുള്ളിലെ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
40കാരനെ മദ്യലഹരിയിൽ മരത്തടിയും കല്ലും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. മുഖത്തും തലയിലും പലതവണ ആഞ്ഞടിച്ചു. നിലത്ത് വീണ് കിടന്നപ്പോഴും ആക്രമണം തുടർന്നു. അരക്കിലോമീറ്ററോളം ദൂരം പിന്തുടർന്ന് മർദിച്ചു. നവീൻ (24), കാർത്തിക് (26), സഞ്ജയ്(27), പ്രശാന്ത്(35), മണികണ്ഠൻ(25), സൂര്യപ്രകാശ് (22) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.കള്ള് ഷാപ്പിൽ നിന്നിറങ്ങിയ യുവാക്കളുടെ സംഘമാണ് ക്രൂരമായ ആൾക്കൂട്ട കൊലപാതകം നടത്തിയത്. സംഭവത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു.







